കോഴിക്കോട്: ഇസ്‌ലാമിക പ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ പൊലീസിന്റെ കടന്നു കയറ്റം തുടരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പീഡിപ്പിക്കുന്നത് വിവാദമായതോടെ സംഘ്പരിവാര്‍ അജണ്ടക്കൊത്ത് തുള്ളാന്‍ പൊലീസിനെ വിടില്ലെന്ന് ഭരണ നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും ന്യൂനപക്ഷ വേട്ട ആവര്‍ത്തിക്കുന്നു. പീസ് സ്‌കൂളിനും എം.എം അക്ബറിനുമെതിരായ പൊലീസ് നീക്കവും ഇതേറ്റു പിടിച്ച് ചില മാധ്യമങ്ങളും ഗൂഢാലോചന ചമക്കുകയാണ്. കോഴിക്കോട്ടെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലും അറിയാതെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട്ടെ ഭരണകാര്യ ഓഫീസില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന ഇന്നലെ നടത്തിയ പരിശോധനയെ കുറിച്ചും കൊടും ഭീകരന്‍ വിദേശത്തേക്ക് രക്ഷപ്പെട്ട രീതിയിലാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും തല്‍സമയം കഥമെനഞ്ഞത്.
ചൊവ്വാഴ്ചയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മാവൂര്‍റോഡിലെ പീസ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഓഫീസിലെത്തുകയായിരുന്നു. അക്കാദമിക് ഡയറക്ടര്‍ എം.എം അക്ബര്‍ ഒരു മാസത്തലേറയായി വിദേശത്താണെന്ന വിവരമാണ് ഓഫീസില്‍ നിന്ന് പോലീസിനെ അറിയിച്ചത്. സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പരിശേധിച്ച് പൊലീസ് മടങ്ങുകയായിരുന്നു. സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പീസ് സ്‌കൂളുകള്‍ അതാത് പ്രദേശത്തെ വ്യക്തികളടങ്ങിയ മാനേജിംഗ് കമ്മിറ്റികളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.