അഹമ്മദ് റയീസ്
കൊടപ്പനക്കല്‍ തറവാടുമായിഞങ്ങള്‍ക്കൊരു വൈകാരിക ബന്ധമുണ്ട്.അത് ഉപ്പാന്റെ ജീവനായ മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള സ്‌നേഹവും ബഹുമാനവുമാണ്. എവിടെ പോയി തിരിച്ചെത്തിയാലും ഉപ്പ ആദ്യം വിളിക്കുന്നത് മുഹമ്മദലി ശിഹാബ് തങ്ങളെയായിരുന്നു. അടുത്ത ബന്ധമാണ് ഇവര്‍ തമ്മില്‍ കാത്ത് സൂക്ഷിച്ചിരുന്നത്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ മാത്രമല്ല ഉപ്പ തങ്ങളെ കണ്ടിരുന്നത്. ബഹുമാനത്തോടെയോ അതിലേറെ സ്‌നേഹത്തോടെയോ ആണ്. ഒരു പക്ഷേ രണ്ടു സഹോദരന്മരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ഇതു കൊണ്ടു തന്നെ പാണക്കാട്ടെ പുതിയ തലമുറയോട്എനിക്കും ആ ബന്ധമുണ്ട്. ബഷീറലി തങ്ങളും മുനവ്വറലി തങ്ങളുമല്ലാം അടുത്ത സുഹൃത്തുക്കളാണ്.
ബഷീറലി തങ്ങള്‍ അലിഗഡില്‍ പഠിക്കുമ്പോള്‍ ഡല്‍ഹിയില്‍ വന്നാല്‍ അവിടെ വീട്ടില്‍ വരുമായിരുന്നു. ഉമ്മ ഒരുക്കിയ ഭക്ഷണം കഴിച്ചിട്ടേ പോകാന്‍ വിടാറുള്ളൂ.. എന്ത് തിരക്കുണ്ടെങ്കിലും ഉപ്പപിടിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. ഉപ്പമാര്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും തുടരുകയാണ് ഞങ്ങള്‍.
ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ഉള്‍പ്പെടെ എല്ലാവരും വീട്ടില്‍ വന്നാല്‍ ഉപ്പയുമായി ഏറെ നേരം സംസാരിച്ചിരിക്കും. ഇതെല്ലാം കൗതുകത്തോടെയാണ് ഞാന്‍ നോക്കി കണ്ടിരുന്നത്.
കുട്ടിക്കാലത്ത് ഉപ്പാന്റെ കൂടെ പാണക്കാട് പോകുമായിരുന്നു. ബഹുമാന്യനായ പാണക്കാട് പൂക്കോയ തങ്ങള്‍ വിടപറയുന്ന നേരത്ത് ഉപ്പയോടൊപ്പം കൊടപ്പനക്കല്‍ തറവാട്ടില്‍ ഞാനും ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉപ്പാക്ക് തണല്‍ തങ്ങളായിരുന്നു. ബാബ്‌റി മസ്ജിദ് പൊളിച്ച സമയത്താണ് ഉപ്പാനെ വല്ലാതെ പ്രതിസന്ധിയില്‍ ഞാന്‍ കണ്ടിരുന്നത്. ഏതു സമയത്തും ഫോണില്‍. ആവശ്യത്തിനു ഭക്ഷണം പോലും കഴിക്കാതെനില്‍ക്കുക. നാട്ടില്‍ പലയിടത്തും പ്രശ്‌നം. ഈ സമയങ്ങളിലെല്ലാം മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്ന് ഉപദേശം തേടിയാണ് ഉപ്പ എന്തും ചെയ്യാറുണ്ടായിരുന്നത്. തങ്ങളുടെ ദീര്‍ഘ വീക്ഷണമാണ് കേരളത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പോയത്. ഈ സമയങ്ങളില്‍
ഏറെ നേരം ഇവര്‍ തമ്മില്‍ സംസാരിച്ചിരിക്കുമായിരുന്നു. പലപ്പോഴും മുഖത്ത് നിരാശയും മറ്റും പ്രതിഫലിക്കുന്നത് കാണാമായിരുന്നു. തങ്ങളുടെ ചിന്താഗതിയോടൊപ്പമാണ് എന്നും ഉപ്പ നിലകൊണ്ടിട്ടുള്ളത്.
തങ്ങളുടെ വിയോഗം ഉപ്പയെ വല്ലാതെ തളര്‍ത്തിയിരുന്നു.ഒരു കൊച്ചുകുട്ടിയുടെ മാനസികാവസ്ഥയിലായിരുന്നു ആ ദിവസങ്ങളിലെല്ലാം.
തങ്ങളോടൊപ്പം ഉപ്പ യമനിലേക്ക് യാത്ര പോയ കഥ പലപ്പോഴും പറഞ്ഞു ചിരിക്കുമായിരുന്നു. ചെറിയ വിമാനത്തിലാണ് യാത്ര. അബുദാബി വഴി യമനിലേക്ക് പോകുമ്പോള്‍ വിമാനത്തില്‍ നിന്ന് ചെറിയ ശബ്ദമുയര്‍ന്നു. ഉപ്പ അത് ക്യാബിന്‍ ക്രൂവിനോടു പറഞ്ഞപ്പോള്‍ പൈലറ്റും ക്യാബിന്‍ ക്രൂവും ശബ്ദം വരുന്നിടത്തു ടിഷ്യൂ പേപ്പര്‍ തിരുകിക്കയറ്റി അതിനു പരിഹാരം കണ്ടെത്തി. ഈകഥ അദ്ദേഹം പലപ്പോഴും തമാശയായി പറയുമായിരുന്നു.
ശിഹാബ് തങ്ങളുടെ ജനാസ മലപ്പുറം ടൗണ്‍ഹാളിനു മുന്നില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ ഉപ്പ കൊച്ചു കുട്ടി കരയുന്നതുപോലെ തേങ്ങിക്കരഞ്ഞു. വേദനിക്കുന്ന ആ കാഴ്ചയോടൊപ്പം ജനങ്ങളും വിങ്ങിപ്പൊട്ടി. ശിഹാബ് തങ്ങളുമായുള്ള സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആഴം അത്രയ്ക്കുമുണ്ടായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും രൂപമാണു തങ്ങള്‍. എല്ലാ മനുഷ്യസമൂഹത്തിന്റെയും ആത്മീയമുഖം. വിനയം, ലളിതമായ ജീവിതം, എല്ലാവരെയും തുല്യമായിക്കാണുന്ന മനസ്സ് ഇതെല്ലാം ചേര്‍ന്ന മനുഷ്യത്വം. അതുകൊണ്ടു തന്നെയാണ് രാജ്യം ആദരിക്കുന്ന ഒരു നേതൃത്വമായി അദ്ദേഹം മാറിയത്. എത്ര വലിയ പ്രശ്‌നങ്ങളും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് പരിഹരിക്കപ്പെട്ടിരുന്നു.
തങ്ങള്‍ ഒരേ സമയം ആത്മീയഗുരുനാഥനും സമുദായ പരിഷ്‌കര്‍ത്താവും രാഷ്ട്രീയകാര്യദര്‍ശിയുമായിരുന്നു. ജനങ്ങള്‍ക്കു മുഴുവന്‍ മതേതരമായ കാഴ്ചപ്പാടു നല്‍കാന്‍ പരിശ്രമിച്ച മനുഷ്യസ്‌നേഹി. കരുണയും സ്‌നേഹവും നന്മയും സമൂഹത്തില്‍ വിതരണം ചെയ്യാനുള്ള വിത്തുകളാണെന്നു സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത ഹൃദയത്തിന്റെ ഉടമയാണ് തങ്ങള്‍.