പ്യോങ്യാങ്: അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ആണവായുധ പദ്ധതിയില്‍നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഉത്തരകൊറിയ. അധികം വൈകാതെ ഉത്തരകൊറിയ ആണവ രാജ്യമായി മാറുമെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി പ്രഖ്യാപിച്ചു.
ആണവ രാഷ്ട്രമെന്ന ലക്ഷ്യത്തില്‍നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കാന്‍ സാധിക്കുമെന്ന് അമേരിക്കയും ദക്ഷിണകൊറിയയും കരുതുന്നുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധാരണയിലാണ്. അവരുടെ ഭ്രാന്തമായ ഉപരോധങ്ങള്‍ അന്ത്യത്തിലായിരിക്കും കലാശിക്കുക. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ നിഷ്ഫലമാകുമെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. കൊറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ചൈനയില്‍ എത്തിയ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്.
വാക്‌പോരാട്ടങ്ങള്‍ക്കൊടുവില്‍ ഉത്തരകൊറിയയുമായി അമേരിക്ക ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചുവെന്നതാണ് കൊറിയയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസം. ചര്‍ച്ചക്ക് താല്‍പര്യമുണ്ടോ എന്ന് ടില്ലേഴ്‌സണ്‍ ഉത്തരകൊറിയയോട് ചോദിച്ചു.
ഉത്തരകൊറിയയുമായി യു.എസ് നേരിട്ട് ബന്ധപ്പെടുന്നുണ്ട്. നാം ഇരുട്ടിലല്ലെന്നും ഉത്തരകൊറിയയുമായി ബന്ധപ്പെട്ട നിരവധി ചാനലുകള്‍ തുറന്നുകിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ നിര്‍ദേശത്തോട് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. ആയുധ പദ്ധതികള്‍ അടിയറ വെച്ചുള്ള ചര്‍ച്ചകള്‍ വേണ്ടെന്ന് തന്നെയാണ് ഉത്തരകൊറിയയുടെ തീരുമാനം.
ഭീഷണികള്‍ക്കു വഴങ്ങാതെ ആണവായുധ, മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയയെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാതെ അമേരിക്ക ആശയക്കുഴപ്പത്തിലാണ്. ഉത്തരകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യത യു.എസ് തള്ളിക്കളഞ്ഞിട്ടില്ല. ഉത്തരകൊറിയയുടെ കൈവശം ആണവായുധമുണ്ടെന്ന് സംശയിച്ച് അമേരിക്ക യുദ്ധത്തിന് മടിക്കുകയാണ്. ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ പൂര്‍ണമായും തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പുനല്‍കിയിരുന്നു.
ദക്ഷിണ കൊറിയയുടെ സുരക്ഷ കണക്കിലെടുത്ത് അമേരിക്ക യുദ്ധത്തിന് മുതിരില്ലെന്ന് തന്നെയാണ് ഉന്നത യു.എസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് നല്‍കിയ സ്വകാര്യ വിവരം.
- 7 years ago
chandrika
Categories:
Video Stories
ഉപരോധങ്ങളെ പുച്ഛിച്ച് ഉത്തര കൊറിയ; ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് യു.എസ്
Tags: north korea