X

ഉപതെരഞ്ഞെടുപ്പ്: സീറ്റുകള്‍ നിലനിര്‍ത്തി പാര്‍ട്ടികള്‍ – ബി.ജെ.പിക്ക് ഭൂരിപക്ഷം കുറഞ്ഞു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തു നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയും ത്രിപുരയില്‍ സി.പി.എമ്മും സിറ്റിങ് സീറ്റുകളില്‍ വിജയിച്ചു. മധ്യപ്രദേശിലെയും അസമിലെയും സിറ്റിങ് സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. അതേസമയം ബംഗാളില്‍ തൃണമൂലിന്റെ ഭൂരിപക്ഷത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി.

ഏഴ് സംസ്ഥാനങ്ങളിലായി നാല് ലോക്‌സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അസം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും ബംഗാളിലെ രണ്ട് സീറ്റുകളിലുമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ്. അസമിലെ ലഖിംപൂരില്‍ ബി.ജെ.പിയുടെ പ്രധാന്‍ ബര്‍വയും മധ്യപ്രദേശിലെ ഷഹ്‌ദോള്‍ മണ്ഡലത്തില്‍ ബി.ജെ.പി യുടെ ഗ്യാന്‍സിങുമാണ് വിജയിച്ചത്. ലഖിംപൂരില്‍ കഴിഞ്ഞതവണത്തെക്കാള്‍ 1,80,918 വോട്ടിന്റെയും ഷഹ്‌ദോളില്‍ 1,02000 വോട്ടിന്റെയും കുറവാണ് ബിജെപിയുടെ ഭൂരിപക്ഷത്തിലുണ്ടായത്. പശ്ചിമബംഗാളിലെ തംലൂക്ക് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദിവ്യേന്ദു അധികാരിയും കൂച്ച്ബീഹാറില്‍ നിന്ന ്പാര്‍ഥാ പ്രതിംറോയിയും തെരഞ്ഞെടുക്കപ്പെട്ടു. തംലൂക്കില്‍ 4.97 ലക്ഷമാണ് സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ തൃണമൂലിന്റെ ഭൂരിപക്ഷം.

chandrika: