X

ഉന്തും പന്തും പിരാന്തും; ഞമ്മളെ മല്‍പ്പൊര്‍ത്തിന്റെ പാട്ട് സൂപ്പര്‍ ഹിറ്റ്

മുഹബ്ബത്താണ് മലപ്പുറത്തിന്റെ ജീവവായു. സ്വന്തം മണ്ണിനോട് ആ മുഹബ്ബത്ത് പെരുത്തപ്പോള്‍, അതു വിട്ടുതരില്ലെന്ന നെഞ്ചൂക്കില്‍ നിന്ന് കലഹവും കലാപവുമുണ്ടായി. മാപ്പിള വീര്യത്തില്‍ ഞെട്ടിവിറച്ചത് ബ്രിട്ടീഷുകാര്‍ ജന്മാവകാശമായി കൊണ്ടു നടന്ന ഹുങ്ക്. മലപ്പുറത്തുകാരന്റെ നെഞ്ചുവിരിച്ചുള്ള ചെറുത്തുനില്‍പ്പ് പടപ്പാട്ടായി. താരാട്ടുപാട്ടു വരെയായി.

മലപ്പുറത്തെ കുറിച്ചുള്ള മറ്റൊരു പാട്ടാണ് ഇപ്പോള്‍ നാടാകെ പാട്ട്. ഉന്തും പന്തും പിരാന്തും എന്നു പേരിട്ട ‘മല്‍പ്പൊര്‍ത്തിന്റെ സ്വന്തം പാട്ട്’. പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം അഞ്ചു ദിവസത്തിന് അകം അഞ്ചു ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ കണ്ടത്. സാദിഖ് പന്തല്ലൂരാണ് സംഗീതവും സംവിധാനവും. വരികള്‍ നവാസ് പൂന്തോട്ടത്തില്‍. നിര്‍മാണം ഇംതിയാസ് പുറത്തീല്‍.

കാ കൊണ്ടൊരു കവിതക്കെട്ട്, കതിരില്ലാ പഴിയുടെ കെട്ട്, നാടിതു മലപ്പുറമേ.. എന്നു തുടങ്ങുന്ന ഗാനത്തില്‍ മലപ്പുറം പെരുമയുടെ ഉള്‍ക്കാമ്പുകളുണ്ട്. ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛനും മലബാര്‍ കലാപത്തിന്റെ വീരസ്മരണകളായ വാഗണ്‍ ട്രാജഡിയും ആലി മുസ്‌ലിയാരും വാരിയംകുന്നനും പാട്ടിലുണ്ട്. മലബാര്‍ കലാപത്തെ കുറിച്ചും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുമുള്ള നിലവിലെ വിവാദ കോലാഹലങ്ങളോട് സ്‌നേഹത്തിന്റെ ഭാഷയില്‍ പറയുന്ന മറുപടി കൂടിയാണ് ഈ പാട്ട്.

ജില്ലയെ കുറിച്ച് തീവ്രവലതു പക്ഷം നടത്തിവരുന്ന സംഘടിത വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയുള്ള സര്‍ഗാത്മത പ്രതിരോധം തീര്‍ക്കുന്നുണ്ട് ഇതിലെ വരികള്‍. അതും പ്രാദേശിക ഭാഷയുടെ മനോഹാരിതയില്‍. ‘നമ്മളെ മുയ്മന്‍ മക്കാറാക്കി, പിന്നെപ്പിന്നെ ഭീകരരാക്കി, എങ്ങോട്ടാ പോക്ക്.. പൊള്ളു പറഞ്ഞ് ബേജാറാക്കി, ഇനിയും ഞമ്മളെ അറിയാന്‍ ബാക്കി, ഇതിലെയൊരിക്കെ വിരുന്നൊരുക്കി, തക്കാരം കൂട്..’ – എന്നാണ് വരികള്‍.

മലപ്പുറത്തെ സല്‍ക്കാരവും ചെമ്പില്‍ ആവി പറക്കുന്ന ബിരിയാണിയും പോത്തിറച്ചിയും ദൃശ്യങ്ങളില്‍ വന്നു പോകുന്നു. കൂടെ, മലപ്പുറത്തിന്റെ സ്വന്തം കാല്‍പ്പന്തു കളിയും വിട്ടുവീഴ്ചയില്ലാത്ത മതസൗഹാര്‍ദവും.

ഒരു പിരാന്തു പോലെ മലപ്പുറം നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ ആരവം പാട്ടിലുടനീളമുണ്ട്. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുതല്‍ മെസ്സിയുടെ കുപ്പായമിട്ട കൊച്ചു ആരാധകന്‍ വരെ ആ ആരവത്തിന്റെ ഭാഗമായി മാറുന്നു. കളിയുടെയും കാര്യത്തിന്റെയും തുടിപ്പുകള്‍ മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറ.

പാട്ട് ഹിറ്റായതിന്റെ സന്തോഷത്തിലാണ് സംവിധായകനും ഗായകനുമായ സാദിഖ് പന്തല്ലൂര്‍. ‘മലപ്പുറത്തെ കുറിച്ച് നെഗറ്റീവ് ഇമേജുകള്‍ ഉള്ള കാലമാണിത്. അവര്‍ ഈ വീഡിയോ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കട്ടെ. ഇതാണ് മലപ്പുറത്തിന്റെ സ്നേഹവും സൗഹൃദവും. പാട്ട് നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. യൂ ട്യൂബില്‍ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ അഞ്ചു ലക്ഷം വ്യൂവേഴ്സുണ്ടായി. സ്വന്തം നാടിനെ കുറിച്ചുള്ള പാട്ടാണ് എന്നതില്‍ സിതാര ചേച്ചിക്കും ഏറെ സന്തോഷം’- സാദിഖ് ചന്ദ്രിക ഓണ്‍ലൈനോട് പറഞ്ഞു.

Test User: