X

ഉത്തരകൊറിയയുടെ പീഡനങ്ങള്‍ വിവരിച്ച് വാംബിയറുടെ രക്ഷിതാക്കള്‍

 
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരണപ്പെട്ടത് ഭീകരപീഡനങ്ങളെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. ഭീകരന്മാരായ ഉത്തരകൊറിയക്കാര്‍ മകനെ തുടരെത്തുടരെ പീഡിപ്പിച്ചിരുന്നതായി പിതാവ് ഫ്രെഡ് വാംബിയറും മാതാവ് സിന്‍ഡിയും ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ഒരു ഹോട്ടല്‍ മുദ്ര മോഷ്ടിച്ചുവെന്ന് ആരോപിച്ച് 2016ല്‍ ഉത്തരകൊറിയ തടവിലടച്ച വാംബിയറെ ആരോഗ്യനില മോഷമായതിനെ തുടര്‍ന്ന് വിട്ടയക്കുകയും ഗുരുതരാവസ്ഥയില്‍ അമേരിക്കയില്‍ കൊണ്ടുവന്ന് ദിവസങ്ങള്‍ക്കുശേഷം മരിക്കുകയുമായിരുന്നു. അമേരിക്കയില്‍ കൊണ്ടുവന്നപ്പോള്‍ മകന്റെ കാ ഴ്ചയും കേള്‍വിയും നഷ്ടപ്പെ ട്ടിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇരുവശങ്ങളിലേക്ക് ശരീരം ചലിപ്പിച്ചും തീവ്രമായി വിറച്ചും അലറിക്കരഞ്ഞുമാണ് മകന്‍ ശേഷിച്ച ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് അവര്‍ വെളിപ്പെടുത്തി. തലമുടി പൂര്‍ണമായും കളഞ്ഞിരുന്നു. കൈകാലുകള്‍ക്ക് ചലനശേഷിയുണ്ടായിരുന്നില്ല. കാല്‍പാദത്തില്‍ വലിയൊരു പാടും കാണുകയുണ്ടായി. വാംബിയറുടെ ശരീരത്തിനേറ്റ പരിക്ക് ആകസ്മികമായിരുന്നില്ലെന്നും ഉത്തരകൊറിയന്‍ അധികാരികളുടെ മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നെന്നും അവര്‍ പറഞ്ഞു. അമേരിക്കയും ലോകവും മകനെ കൈവിടുകയായിരുന്നു. അവന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും യു.എസ് ഭരണകൂടം തങ്ങള്‍ക്ക് തന്നില്ലെന്ന് പിതാവ് ഫ്രെഡ് വാംബിയര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ജയിലിലെ പീഡനങ്ങളാണ് മരണത്തിന് കാരണമെന്ന ആരോപണം ഉത്തരകൊറിയ നിഷേധിച്ചിട്ടുണ്ട്.
ബാക്ടീരിയയെ തുടര്‍ന്നുള്ള ഭക്ഷ്യവിഷബാധയാണ് വാംബിയുടെ ആരോഗ്യം തകര്‍ത്തതെന്ന് അവര്‍ പറയുന്നു. പക്ഷെ, അത്തരം ലക്ഷണങ്ങളൊന്നും യു.എസ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടില്ല.

chandrika: