വാഷിങ്ടണ്‍: അന്താരാഷ്ട്ര സമൂഹത്തെ ധിക്കരിച്ച് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയെ ഭീഷണികളിലൂടെ കീഴ്‌പ്പെടുത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ അമേരിക്ക അനുനയത്തിന്റെ ഭാഷ ഉപയോഗിച്ചുതുടങ്ങി. ഉത്തരകൊറിയയിലെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ യു.എസ് ശ്രമിക്കുന്നില്ലെന്ന് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ ശത്രുവല്ല-വാഷിങ്ടണില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം ഉത്തരകൊറിയയെ ഓര്‍മിപ്പിച്ചു.
‘ഞങ്ങള്‍ ഒരു ഭരണ മാറ്റം ആഗ്രഹിക്കുന്നില്ല. ഭരണകൂടത്തെ അട്ടിമറിക്കാനും ഉദ്ദേശിക്കുന്നില്ല. കൊറിയന്‍ ഉപദ്വീപിന്റെ പെട്ടെന്നുള്ള ഏകീകരണത്തിനും ഞങ്ങള്‍ ശ്രമിക്കുന്നില്ല’-ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.
നിരായുധീകരണത്തിന് സമ്മതിച്ചാല്‍ ഉത്തരകൊറിയയുമായി ചര്‍ച്ചക്ക് സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ അമേരിക്കക്കെതിരെ ഭീഷണി തുടര്‍ന്നാല്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. ആണവ, മിസൈല്‍ പദ്ധതികളില്‍നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.
ചൈനയെ മുന്നില്‍നിര്‍ത്തി ഉത്തരകൊറിയയെ നിയന്ത്രിക്കാന്‍ നടത്തിയ നീക്കവും വിഫലമായിരുന്നു.
ചൈന വേണ്ടത്ര താല്‍പര്യമെടുത്ത് പ്രവര്‍ത്തിക്കാത്തത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രോഷംപ്രകടിപ്പിച്ചിട്ടുമുണ്ട്. ചൈനീസ് വിഷയത്തില്‍ കൂടുതല്‍ നയതന്ത്ര സ്വഭാവത്തോടെയാണ് ടില്ലേഴ്‌സണ്‍ സംസാരിച്ചത്.
ഉത്തരകൊറിയയിലെ സ്ഥിതിഗതികള്‍ക്ക് അമേരിക്ക ചൈനയെ കുറ്റപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതി വഷളാക്കിയതിന് ഉത്തരകൊറിയക്കാര്‍ മാത്രമാണ് കുറ്റക്കാര്‍. പക്ഷെ, അവരുമായി ചൈനക്ക് പ്രത്യേക ബന്ധമുണ്ട്. ഉത്തരകൊറിയന്‍ ഭരണകൂടത്തെ സ്വാധീനിക്കന്‍ മറ്റാരെക്കാളും ചൈനക്ക് തന്നെയാണ് സാധിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 7 years ago
chandrika
Categories:
Video Stories
ഉത്തരകൊറിയയില്‍ ഭരണമാറ്റത്തിന് ശ്രമിക്കുന്നില്ലെന്ന് അമേരിക്ക
Tags: north korea