തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തിറക്കിയ ‘പോസ്റ്റ് ട്രൂത്ത്’ മാസികക്കെതിരെ രൂക്ഷ പ്രതിഷേധവുമായി എം.എസ്.എഫ് രംഗത്ത്. മാസികയില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്ലാം മതത്തെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് എം.എസ്.എഫ് ആരോപിച്ചു. ഇത്ര നീചവും അപഹാസ്യവുമായ ഒരു സംസ്‌കാരം കൊണ്ടുനടക്കുന്നവരെ എസ്.എഫ്.ഐക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് തുറന്ന് പറയാന്‍ ഇനിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ വാതുറക്കണമെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു.
പര്‍ദാ വേഷധാരികളായ സ്ത്രീകളെയും ഇസ്ലാമിന്റെ സ്വര്‍ഗ-നരക വിശ്വാസങ്ങളെയും വളരെ മോശമായ ഭാഷയില്‍ കവിതയിലൂടെ അപമാനിക്കുകയാണെന്നും എം.എസ്.എഫ് വ്യക്തമാക്കി. എന്നാല്‍ മാസിക പിന്‍വലിച്ചുവെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ നിഷേധിച്ചു. പരാതിയെക്കുറിച്ച് അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വസിക്കാത്തവരും വിശ്വസിക്കുന്നവരും മാന്യമായ പ്രചാരണ ശീലം അനുവര്‍ത്തിക്കണമെന്നും അതാണ് ആവിഷ്‌കാരത്തിന്റെ കാതലെന്നും എം.എസ്.എഫ്.