ജറൂസലം: അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ മസ്ജി ദുല്‍ അഖ്‌സയിലെ മുഴുവന്‍ സുരക്ഷാ നിയന്ത്രണങ്ങളും ഇസ്രാഈല്‍ നീക്കി. മെറ്റല്‍ ഡിറ്റക്ടറുകള്‍ക്കു പിന്നാലെ നിരീക്ഷണ ക്യാമറകളുള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണ സംവിധാനങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. രണ്ടാഴ്ചയായി തുടരുന്ന ബഹിഷ്‌കരണം അവസാനിപ്പിച്ച് മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിച്ചു തുടങ്ങാന്‍ മുസ്്‌ലിം നേതാക്കള്‍ ഫലസ്തീനികളോട് ആവശ്യപ്പെട്ടു.
രണ്ടു പൊലീസുകാരും മൂന്ന് ഫലസ്തീനികളും കൊല്ലപ്പെട്ട വെടിവെപ്പിനെ തുടര്‍ന്നാണ് ഇസ്രാഈല്‍ സേന മസ്ജിദുല്‍ അഖ്‌സയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച ജുമുഅ പോലും നിഷേധിച്ച് മസ്ജിദുല്‍ അഖ്‌സ അടച്ചുപൂട്ടിയിരുന്നു. രണ്ടു ദിവസത്തിനുശേഷം മസ്ജിദുല്‍ അഖ്‌സ തുറന്നെങ്കിലും മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ച ഇസ്രാഈല്‍ നടപടിയെ ഫലസ്തീനികള്‍ അംഗീകരിച്ചില്ല. മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കാതെ ബഹിഷ്‌കരണം പ്രഖ്യാപിച്ച ഫലസ്തീനികള്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര സമൂഹം കൂടി രംഗത്തെത്തിയതോടെ ഇസ്രാഈല്‍ ഒറ്റപ്പെടുകയായിരുന്നു. സുരക്ഷാ സഹകരണമുള്‍പ്പെടെ ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മരവിപ്പിച്ചത് ഇസ്രാഈല്‍ ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.
അമേരിക്കയും ജോര്‍ദാനും നയതന്ത്ര പരിഹാരത്തിന് ശ്രമിച്ചിരുന്നു. മസ്ജിദുല്‍ അഖ്‌സയിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയോടെയാണ് ഇസ്രാഈല്‍ പിന്‍മാറാന്‍ നിര്‍ബന്ധിതമായത്. അതേസമയം ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ടെലിവിഷന്‍ ചാനലാണ് പ്രതിസന്ധി ആളിക്കത്തിച്ചതെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി. മസ്ജിദുല്‍ അഖ്‌സക്കും ചുറ്റും അല്‍ജസീറ അക്രമം ഇളക്കിവിടുകയാണെന്നും ഇസ്രാഈലില്‍നിന്ന് അല്‍ജസീറയെ പുറത്താക്കുന്നതിന് നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. നിരീക്ഷണ ക്യാമറകളും മറ്റും കവാടത്തില്‍നിന്ന് നീക്കിയതോടെ ഫലസ്തീനികള്‍ ആഹ്ലാദപ്രകടനം നടത്തി. സുരക്ഷാനിയന്ത്രണ സാമഗ്രികള്‍ കയറ്റിയ വാഹനം മസ്ജിദുല്‍ അഖ്‌സയില്‍നിന്ന് പുറത്തുപോയപ്പോള്‍ ഫലസ്തീനികള്‍ പാട്ടുപാടിയും ആഹ്ലാദനൃത്തം വെച്ചും പടക്കം പൊട്ടിച്ചും ഇസ്രാഈല്‍ പിന്മാറ്റത്തെ ആഘോഷമാക്കി. 12 ദിവസമായി ഒരാളും ഉറങ്ങിയിരുന്നില്ലെന്നും മസ്ജിദുല്‍ അഖ്‌സയുടെ മോചനത്തിനുള്ള പോരാട്ടത്തിലായിരുന്നുവെന്നും ഫിസാ അബാസി എന്ന ഫലസ്തീന്‍കാരന്‍ പറഞ്ഞു. പോരാടി നേടിയ വിജയമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
- 7 years ago
chandrika
Categories:
Video Stories
ഇസ്രാഈല്‍ നിയന്ത്രണങ്ങളില്‍നിന്ന് മസ്ജിദുല്‍ അഖ്‌സക്ക് മോചനം
Tags: aqsa