X

ഇസ്രാഈല്‍ അതിര്‍ത്തിയില്‍ ലബനന്‍ സുരക്ഷ ശക്തമാക്കുന്നു

 

ബെയ്‌റൂത്ത്: ഇസ്രാഈല്‍ അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ ലബനന്‍ ഒരുങ്ങുന്നു. റോമില്‍ ഇന്നലെ നടന്ന നയതന്ത്ര യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി സഅദ് ഹരീരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ തീവ്രവാദ സാന്നിധ്യത്തെ തുടര്‍ന്നാണ് സൈന്യത്തിന്റെ നീക്കം. രാജ്യത്ത് സുരക്ഷ ഒരുക്കാന്‍ സൈന്യം ബാധ്യസ്ഥരാണെന്നും അതിനായി സൗത്ത് അതിര്‍ത്തിയില്‍ സൈനിക നടപടികള്‍ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സുരക്ഷ ശക്തമാക്കുന്നതിനായി ലോകരാഷ്ട്രങ്ങളോട് ലബനന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ അറ്റോണിയോ ഗുര്‍ട്ടേഴ്‌സിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. 2006ല്‍ നടന്ന ഇസ്രാഈല്‍ ഹിസ്ബുല്ലാ യുദ്ധത്തില്‍ ലബനീസ് സൈന്യം ഭാഗമായിരുന്നില്ല. പകരം രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുകയായിരുന്നു. ഇതിനായി ഐക്യരാഷ്ട്രസഭ 1.5 ബില്യണ്‍ ഡോളല്‍ സൈനിക നടപടിക്കായി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി സൈന്യത്തിന് പരീശീലനവും മറ്റും യുഎന്‍ നല്‍കി വരുന്നുണ്ട്.
ലബനീസ് സൈന്യത്തിന് ശക്തി പകരേണ്ടത് ആവശ്യമാണെന്ന് യുഎസ് വക്താന് അറിയിച്ചു. സൈന്യത്തിന് തുടര്‍ന്നും സാമ്പത്തിക സഹായം നല്‍കുമെന്നും യുഎസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. ലബനന്‍ സൈന്യത്തിന് നേരെയുള്ള ഭീഷണി വര്‍ദ്ധിച്ചു വരുന്നതായി ഹരീരി പറഞ്ഞു. സൈന്യത്തിന്റെ അംഗബലം കൂട്ടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: