X

ഇസ്രാഈലിന് ഒബാമയുടെ പ്രഹരം

ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് യു.എന്‍ രക്ഷാസമിതിയില്‍ ഇസ്രാഈല്‍ നേരിട്ടിരിക്കുന്നത്. കിഴക്കന്‍ ജറൂസലം അടക്കം അധിനിവിഷ്ട ഫലസ്തീനിലെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അടിയന്തരമായി അവസാനിപ്പിക്കാന്‍ ഇസ്രാഈലിനോട് ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതി വന്‍ഭൂരിപക്ഷത്തോടെ അംഗീരിക്കുകയായിരുന്നു.

ഫലസ്തീനില്‍ തങ്ങള്‍ നടത്തുന്ന തോന്നിവാസങ്ങള്‍ക്ക് എല്ലാ കാലവും അമേരിക്കയയുടെ പിന്തുണയുണ്ടാകുമെന്ന ഇസ്രാഈലിന്റെ പ്രതീക്ഷകളാണ് ഇതിലൂടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടി വൈറ്റ്ഹൗസിലേക്ക് കാലെടുത്തുവെച്ച യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പുറത്തുപോകുന്നത് ലോകത്തിന് ഒരുപിടി പ്രതീക്ഷകള്‍ ബാക്കിവെച്ചുകൊണ്ടാണ്. ഫലസ്തീനിലെ ജൂത അനിധിവേശം അവസാനിപ്പിക്കാന്‍ ഇസ്രാഈലിനോട് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോചെയ്ത് പരാജയപ്പെടുത്താന്‍ ഇത്തവണ ഇസ്രാഈലിന് അമേരിക്കയെ കിട്ടിയില്ല. പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് യു.എസ് വിട്ടുനിന്നു.

അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി മുന്നോട്ടുപോകുന്ന ഇസ്രാഈലിന് ചുട്ട അടികൊടുക്കാന്‍ കിട്ടിയ അവസരം ഒബാമ മുതലാക്കുക തന്നെ ചെയ്തു. ജൂത ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് ഒബാമ ഇതുവരെ ഇസ്രാഈലിനെ സഹിച്ചത്. സമാധാന നീക്കങ്ങളെ മുഴുവന്‍ തുരങ്കംവെക്കുന്ന ഇസ്രാഈല്‍ നിലപാട് അംഗീരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അധികാരത്തിന്റെ അവസാന നാളുകളില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഒബാമ ഇടയുകയുംചെയ്തു. ഇസ്രാഈലിനോട് തനിക്കുള്ള വിയോജിപ്പ് കിട്ടുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം തുറന്നുപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്രാഈലിനെ കൈവിട്ട് സഹായിച്ചുപോരുന്ന അമേരിക്കയുടെ പരാമ്പരഗത രീതിയെ ഭേദിച്ച് മുന്നോട്ടുപോകാന്‍ ഒബാമക്ക് സാധിക്കുമായിരുന്നില്ലെന്ന് മാത്രം. വൈറ്റ്ഹൗസില്‍ വരാനിരിക്കുന്ന പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രഈലിന്റെ കളിത്തോഴനാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരിക്കണം ഫലസ്തീന്‍ അനുകൂല പ്രമേയത്തെ അദ്ദേഹം വീറ്റോ ചെയ്യാതിരുന്നത്.

chandrika: