X

ഇറാന്‍: യു.എസ് ഉപരോധങ്ങള്‍ അനുസരിക്കില്ലെന്ന് ഇന്ത്യ

 

തെഹ്‌റാന്‍: ആണവകരാറില്‍നിന്ന് പിന്മാറി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ രംഗത്ത്. ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യ നീങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. യു.എന്‍ ഉപരോധങ്ങളാണ് ഇന്ത്യക്ക് ബാധകം. അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങള്‍ ഇന്ത്യ പിന്തുടരില്ലെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആണവകരാറുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കണമെന്ന് കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. ചബഹാര്‍ തുറമുഖം ഉള്‍പ്പെടെ ഇറാനില്‍ ഇന്ത്യക്ക് നിരവധി നിക്ഷേപങ്ങളുണ്ട്. ആണവകരാറില്‍നിന്ന് അമേരിക്കയെ പിന്‍വലിച്ച ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ വന്‍ ഉപരോധങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കരാറിനെ രക്ഷിക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളും ഇറാനും ഊര്‍ജിത ശ്രമം തുടരുകയാണ്.

chandrika: