തെഹ്‌റാന്‍: ഇറാനില്‍ അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് നാമനിര്‍ദേശപത്രിക നല്‍കി. മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയുടെ നിര്‍ദേശം വകവെക്കാതെയാണ് അദ്ദേഹം പത്രിക നല്‍കിയിരിക്കുന്നത്. കര്‍ക്കശക്കാരനായ നെജാദിന്റെ സാന്നിദ്ധ്യം ഇറാന്‍ രാഷ്ട്രീയത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കും.
തെരഞ്ഞെടുപ്പില്‍ മിതവാദിയായ പ്രസിഡന്റ് ഹസന്‍ റൂഹാനി അനായാസം വിജയിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആണവ വിവാദത്തില്‍ വന്‍ശക്തികളുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും രാജ്യത്തെ അന്താരാഷ്ട്ര ഉപരോധങ്ങളില്‍നിന്ന് രക്ഷിക്കുകയും ചെയ്ത റൂഹാനിക്ക് നല്ല ജനപിന്തുണയുണ്ട്. എന്നാല്‍ അദ്ദേഹം ഇതുവരെ പത്രിക നല്‍കിയിട്ടില്ല. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ നെജാദിനെപ്പോലെ ഒരാള്‍ തന്നെയാണ് പ്രസിഡന്റാകണമെന്ന് വാദിക്കുന്നവരും ഇറാനിലുണ്ട്. 2005 മുതല്‍ 2013 വരെ രണ്ടു തവണ പ്രസിഡന്റായിരുന്ന നെജാദിന്റെ പല പ്രസ്താവനകളും അന്താരാഷ്ട്രതലത്തില്‍ വന്‍ വിവാദമായിരുന്നു. നെജാദിന്റെ രംഗപ്രവേശം ഇറാന്‍ രാഷ്ട്രീയത്തെ ധ്രുവീകരിക്കുമെന്ന് പരമോന്നത നേതൃത്വത്തിന് ആശങ്കയുണ്ട്.