ന്യൂയോര്‍ക്ക്: ഇന്ത്യയുമായി സമാധാന പൂര്‍ണമായ ബന്ധമാണ് പാക്കിസ്ഥന്‍ ആഗ്രഹിക്കുന്നതെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍. ഇതിനായുള്ള എല്ലാവിധ ശ്രമവും പാക്കിസ്ഥാന്‍ നടത്തിയിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനാകുമെന്ന് കരുതുന്നില്ലെന്നും ഷെരീഫ് യുഎന്‍ പൊതുസഭയുടെ 71-ാം സമ്മേളനത്തില്‍ വ്യക്തമാക്കി.
ഭീകരവാദത്തിന്റെ പ്രധാന ഇരയാണ് പാക്കിസ്ഥാനാണ്. ചില വിദേശശക്തികള്‍ അതിനെ പിന്തുണയ്ക്കുകയും വളര്‍ത്തുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ വിദേശ ശക്തികളുടെ പിന്തുണയോടെ ഭീകരവാദികള്‍ നടത്തുന്ന സര്‍വ ശ്രമങ്ങളെയും ചെറുക്കുക തന്നെ ചെയ്യും. ഭീകരതക്കെതിരെ ചെയ്യാന്‍ കഴിയുന്നതെല്ലാം പാക്കിസ്ഥാന്‍ ചെയ്യുന്നുണ്ട്. എന്നാലീ പോരാട്ടത്തില്‍ വിജയിക്കാന്‍ പാക്കിസ്ഥാനിനിയും കഴിഞ്ഞിട്ടില്ല.
ഭീകരവാദം ഒരു ആഗോളപ്രശ്‌നമാണ്. ഇതിനെ ചെറുക്കാന്‍ കൂട്ടായ ശ്രമമാണ് വേണ്ടത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ ഇപ്പോഴും തയാറാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്കും ഇന്ത്യ തയാറല്ല. സ്വീകാര്യമല്ലാത്ത നിര്‍ദേശങ്ങള്‍ നിരത്തി ചര്‍ച്ചകള്‍ ഉഴപ്പിക്കളയുകയാണ് ഇന്ത്യ. പാക്കിസ്ഥാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ല മറിച്ച് ഇരുരാജ്യങ്ങള്‍ക്കും അതിനുള്ള മെച്ചം ലഭിക്കാനാകണം ചര്‍ച്ച നടക്കേണ്ടത് നവാസ് പറഞ്ഞു.
എന്നാല്‍ കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇന്ത്യ നടത്തുന്നത്. കശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോള്‍ നിഷ്‌കളങ്കരായ അവരെ ഇന്ത്യ കൊന്നൊടുക്കുകയാണ്. കുട്ടികള്‍ക്കുവരെ പെല്ലറ്റുകളേറ്റ് പരുക്കേല്‍ക്കുന്നു. ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. കശ്മീരില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറാകണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ആഴം വ്യക്തമാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ പാക്കിസ്ഥാന്‍ യുഎന്‍ സെക്രട്ടറി ജനറലിന് കൈമാറുമെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി.