X

ഇന്ന് മുതല്‍ മലപ്പുറം വിസില്‍; കായികോത്സവത്തിന് ഇന്ന് തുടക്കം

കോതമംഗലം മാര്‍ബേസില്‍ എച്ച്്.എസ്.എസ്, പാലക്കാട് പറളി എച്ച്.എസ്. കല്ലടി എച്ച്.എസ് കുമരംപുത്തൂര്‍, മാതിരപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തിലെ ഫേവറിറ്റുകള്‍. 28 ആണ്‍താരങ്ങളടക്കം 52 അംഗ സംഘത്തെയാണ് കിരീടം കാക്കാന്‍ മാര്‍ബേസില്‍ ഇത്തവണ ട്രാക്കിലും ഫീല്‍ഡിലുമിറക്കുന്നത്. ബിബിന്‍ ജോര്‍ജ്ജ്, അനുമോള്‍ തമ്പി, അമല്‍രാഘവ്, ശ്രീഹരി, ശ്രീനാഥ്, അഭിഷേക് മാത്യു, ദിവ്യമോഹന്‍ തുടങ്ങി തിളക്കമുള്ള താരങ്ങള്‍ ഏറെയുണ്ട് സംഘത്തില്‍. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ പുതിയ രണ്ട് താരങ്ങളും സ്‌കൂളിനായി ഇറങ്ങും. കിരീടം നിലനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷയെന്നും നൂറ് പോയിന്റാണ് ലക്ഷ്യമെന്നും പരിശീലക ഷിബി മാത്യു പറയുന്നു. അംഗബലം കുറഞ്ഞെങ്കിലും ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല പറളി സ്‌കൂളിനും പരിശീലകന്‍ മനോജ് മാഷിനും. 28 പേരാണ് കോഴിക്കോട് മീറ്റിലെ രണ്ടാം സ്ഥാനക്കാര്‍ക്കായി ഇത്തവണ ഇറങ്ങുന്നത്. 17 പെണ്‍താരങ്ങളും 11 ആണ്‍താരങ്ങളും. കെ.ടി നീന അടക്കമുള്ള താരങ്ങള്‍ സ്‌കൂളിന്റെ പടിയിറങ്ങിയതും പുതിയ താരങ്ങള്‍ വരാത്തതും സ്‌കൂളിന്റെ കിരീട പ്രതീക്ഷകളെ കാര്യമായി ബാധിക്കും. ത്രോ താരങ്ങളായ സുധീഷ്, വൈശാഖ്, ശ്രീവിശ്വ, നിഷ.ഇ, ജമ്പിങ് താരങ്ങളായ അമല്‍ ടി.പി, അനസ്, അമല്‍, ദീര്‍ഘദൂര താരം അജിത് പി.എന്‍ തുടങ്ങിയ താരങ്ങളിലാണ് പറളിയുടെ പ്രതീക്ഷയെല്ലാം.

പോയ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ കല്ലടി സ്‌കൂള്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ഇത്തവണ കണ്ണ് വെക്കുന്നത്. 24 പെണ്‍താരങ്ങളടക്കം 38 പേരാണ് ടീമിലുള്ളത്. ട്രാക്കിലും ഫീല്‍ഡിലും ഒരു പോലെ തിളങ്ങാനാവുന്ന ഒരുപിടി താരങ്ങളിലാണ് പ്രതീക്ഷ. ബബിത.സി, ചാന്ദ്‌നി, പോള്‍വോള്‍ട്ട് താരങ്ങളായ നിവ്യ ആന്റണി, ജെസണ്‍ കെ.ജി, ഹര്‍ഡില്‍സ് താരം മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, സാന്ദ്ര സുരേന്ദ്രന്‍ തുടങ്ങിയവരാണ് സുവര്‍ണ പ്രതീക്ഷകള്‍. കഴിഞ്ഞ മീറ്റില്‍ ആദ്യ നാലില്‍ ഇടം നേടാനായ ഏക സര്‍ക്കാര്‍ സ്‌കൂളായിരുന്നു കോതമംഗലം മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്.എസ്. 15 താരങ്ങളാണ് ഇത്തവണ ടീമിനൊപ്പമുള്ളത്. ഐശ്വര്യ പി.ആര്‍, സാന്ദ്രബാബു, അഭിനവ് പി.കെ, അന്‍ഫാസ്്, അഭിജിത് എന്നിവരാണ് ഉറച്ച മെഡല്‍ പ്രതീക്ഷകള്‍. തിരുവനന്തപുരം സായി സെന്ററിലെ താരങ്ങള്‍ പഠിക്കുന്ന മാധവവിലാസം എച്ച്.എസ്.എസാണ് മാര്‍ബേസില്‍ കഴിഞ്ഞാല്‍ കൂടുതല്‍ താരങ്ങളെ ഇറക്കുന്നത്. ആരോമല്‍.ടി, അശ്വിന്‍ ആന്റണി, മിന്നു റോയ് എന്നിവരടക്കം അമ്പത് താരങ്ങളാണ് സ്‌കൂളിനെ പ്രതിനീധികരിച്ചു പങ്കെടുക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ട്രാക്കും ഫീല്‍ഡുമാണ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേത്. ഇന്നലെ പരിശീലനം നടത്തിയ താരങ്ങളും പരിശീലകരും നൂറില്‍ നൂറ് മാര്‍ക്കാണ് സ്റ്റേഡിയത്തിന് നല്‍കുന്നത്. മികച്ച ട്രാക്കും ഫീല്‍ഡുമാണ് താരങ്ങളെ കാത്തിരിക്കുന്നതെന്നും കഴിഞ്ഞ മീറ്റിനേക്കാള്‍ മികച്ച റിസള്‍ട്ടും കൂടുതല്‍ റെക്കോഡ് നേട്ടങ്ങളും ഇത്തവണ പ്രതീക്ഷിക്കാമെന്നും ത്രോ പരിശീലകനും സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയുമായ പ്രൊഫ പി.ഐ ബാബു അഭിപ്രായപ്പെട്ടു.
3000 മീറ്ററില്‍ പോരാട്ടം തീപാറും
തേഞ്ഞിപ്പലം: സ്‌കൂള്‍ കായികോത്സവത്തിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് ആദ്യദിനം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഒരേ മികവ് അവകാശപ്പെടാനാവുന്ന നാലു താരങ്ങളാണ് മത്സര രംഗത്തുള്ളത്. ഏഷ്യന്‍ സ്‌കൂള്‍ മീറ്റ് മെഡല്‍ ജേതാവും ജൂനിയര്‍ വിഭാഗത്തിലെ റെക്കോഡ് ഉടമയുമായ മാര്‍ബേസിലിന്റെ അനുമോള്‍ തമ്പി, പാലക്കാട് കല്ലടി സ്‌കൂളിന്റെ ബബിത.സി, ഇടുക്കി വെള്ളയാംകുടി എസ്.ജെ.എച്ച്.എസ്.എസിലെ സാന്ദ്ര എസ് നായര്‍, കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്്.എസ്.എസിലെ ആതിര കെ.ആര്‍ എന്നിവരാണ് 3000 മീറ്ററിലെ പ്രധാന മത്സരാര്‍ത്ഥികള്‍. രാവിലെ 7.25നാണ് മത്സരം.
തകരുമോ ഈ റെക്കോഡുകള്‍
തേഞ്ഞിപ്പലം: വര്‍ഷങ്ങളുടെ പഴക്കവുമായി തകര്‍ക്കപ്പെടാതെ കിടക്കുന്ന നിരവധി റെക്കോഡുകളുണ്ട് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍. സബ്ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ ജി.വി രാജ സ്‌കൂള്‍ താരമായിരുന്ന ടി.താലിബിന്റെ 100 മീറ്റര്‍, 80 മീ.ഹര്‍ഡില്‍സ് റെക്കോഡുകള്‍ക്ക് 23 വര്‍ഷങ്ങളുടെ പഴക്കമുണ്ട്്്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ വിഭാഗത്തില്‍ ഒറ്റ മീറ്റ് റെക്കോഡ് പോലും പിറന്നിട്ടില്ല. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ 1987ല്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് താരമായ സിന്ധുമാത്യു 100, 200 മീറ്ററുകളില്‍ കുറിച്ച റെക്കോഡ് ഇപ്പോഴും ചരിത്രമാണ്. കഴിഞ്ഞ വര്‍ഷം നാലു റെക്കോഡുകള്‍ ഈ വിഭാഗത്തില്‍ പിറന്നെങ്കിലും സ്പ്രിന്റ് ഇനങ്ങളിലെ റെക്കോഡുകള്‍ തകരാതെ അവശേഷിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജി.വി രാജ സ്‌കൂള്‍ താരമായിരുന്ന രാംകുമാര്‍ 1988ല്‍ സ്ഥാപിച്ച റെക്കോഡ് ഇപ്പോഴും മായാതെ കിടക്കുന്നു. പോയ വര്‍ഷം നാലു റെക്കോഡുകളാണ് ഈ വിഭാഗത്തില്‍ പുതുതായി കുറിക്കപ്പെട്ടത്. ജൂനിയര്‍ ഗേള്‍സില്‍ 1988ല്‍ കണ്ണൂര്‍ ടീം 4-100 റിലേയില്‍ സ്ഥാപിച്ച റെക്കോഡിനാണ് ഏറെ പഴക്കം. ഷെര്‍ലി മാത്യുവിന്റെ 100 മീറ്റര്‍ റെക്കോഡിന് 28 വര്‍ഷത്തെ പഴക്കമുണ്ട്.

chandrika: