X

ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ധാരണയായതായി പാക് മാധ്യമങ്ങള്‍

ഇസ്ലാമാബാദ്: ഉറി അക്രമത്തെ തുടര്‍ന്ന നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന് ശേഷം ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുവാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി വിവരം.

പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ കമാന്‍ഡോ ഓപ്പറേഷനെ തുടര്‍ന്നുണ്ടായ യുദ്ധാന്തരീക്ഷം ഇല്ലാതാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായതായി പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ചു കൊണ്ടാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

പാകിസ്താന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനം രൂപപ്പെട്ടതെന്നാണ് പ്രമുഖ പാക് മാധ്യമമായ ഡോണിനെ ഉദ്ധരിച്ചു പറയുന്നത്‌.

എന്നാല്‍, ഇപ്പോഴും യുദ്ധസമാനമായ അന്തരീക്ഷമാണ്  ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്. ഞായറാഴ്ച രാത്രി ബാരാമുള്ളയിലുണ്ടായ ചാവേറാക്രമണത്തോടെ അതിര്‍ത്തിയിലെ സ്ഥിതി കൂടുതല്‍ സംഘര്‍ഷഭരിതമായിട്ടുമുണ്ട്.

Web Desk: