X
    Categories: Views

ഇന്ത്യാ വന്‍കരാ ചാമ്പ്യന്മാര്‍ മഹാരഥര്‍

 

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ അതികായരായി ഇന്ത്യ…. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ പിറകിലാക്കി ഇന്ത്യ വന്‍കരാ കിരീടം നേടിയപ്പോള്‍ ദീര്‍ഘദൂര ഇനങ്ങളിലെ മികവ് ശ്രദ്ധിക്കപ്പെട്ടു. കലിംഗ സ്റ്റേഡിയത്തില്‍ ഇന്നലെ കൊടിയിറങ്ങിയ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിന്റെ തിളക്കമാര്‍ന്ന പ്രകടനം നടത്തിയത് രണ്ടു ജാവലിന്‍ ത്രോ താരങ്ങളായിരുന്നു. ഇന്ത്യയുടെ നീരജ് ചോപ്രയും ചൈനയുടെ വനിത താരം ലി ലി ലിങവെയും. രണ്ടു റെക്കോഡ് മാത്രമാണ് ഏഷ്യന്‍ മീറ്റിന്റെ 22ാം പതിപ്പില്‍ പിറന്നത്. ഇരുവിഭാഗങ്ങളുടെയും ജാവനില്‍ ത്രോയിലായിരുന്നു റെക്കോഡ് പ്രകടനം. പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ലോക ജൂനിയര്‍ ചാമ്പ്യനും ഏക റെക്കോാഡ് നേട്ടക്കാരനുമായ നീരജ് ചോപ്രയാണ് അവസാന ശ്രമങ്ങളില്‍ റെക്കോഡ് ദൂരം കണ്ടെത്തിയത്. നീരജിന്റെ ഏറില്‍ മാഞ്ഞുപോയത് ജപ്പാന്റെ യകിഫുമി മുറാകാമി 2011ലെ കോബെ ഗെയിംസില്‍ കുറിച്ച് 83.27 ദൂരം. 86.48 മീറ്ററാണ് നീരജിന്റെ കരിയര്‍ ബെസ്റ്റ്. 2016 ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയ നീരജ് ചോപ്ര ഗുവാഹത്തി സൗത്ത് ഏഷ്യന്‍ ഗെയിംസിലെ ചാമ്പ്യനാണ്. ഏഷ്യന്‍ ഗ്രാന്റ് പ്രീയില്‍ രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു. വനിത വിഭാഗത്തില്‍ ചൈനയുടെ ലി ലി ലിങ്‌വെ മാത്രമാണ് റെക്കോഡ് പട്ടികയില്‍ ഇടംനേടിയത്. 63.06 മീറ്ററില്‍ റെക്കോഡ് കുറിച്ചു. വുഹാനില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ ആകെ 11 റെക്കോഡുകളായിരുന്നു. ഇതില്‍ ഖത്തറിന്റെ ഫെമി ഒഗുനോദെ ഏഷ്യന്‍ റെക്കോഡും കുറിച്ചു. ഇന്ത്യയും റെക്കോഡ് പട്ടികയില്‍ ഉള്‍പ്പെട്ടു. ഷോട്ട്പുട്ടില്‍ ഇന്ദര്‍ജീത് സിങ്ങും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ലളിതാ ബാബറും റെക്കോഡിട്ടു. പുരുഷ 4-400 മീറ്റര്‍ റിലേയില്‍ പുരുഷ ടീമിനെ നിലവിലെ റെക്കോഡിനെ മറികടക്കുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു. 2013ലെ പൂനെ ചാമ്പ്യന്‍ഷിപ്പില്‍ ആകെ എട്ട് റെക്കോഡായിരുന്നു. ഏഷ്യന്‍ മീറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ഭുവനേശ്വറില്‍ അവസാനിച്ചത്.
സ്പ്രിന്റ് റാണിയായി
സ്യാബ്കിന
വനിതകളുടെ 200 മീറ്ററില്‍ 23.10 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ കസാഖിസ്താന്റെ വിക്ടോറിയ സ്യാബ്കിന സ്വന്തമാക്കിയത് സ്പ്രിന്റ് ഡബിള്‍. 4-100 റിലേയില്‍ സ്വര്‍ണം നേടിയ ടീമിലും ഈ ഇരുപത്തഞ്ചുകാരി അംഗമായിരുന്നു. ശ്രീലങ്കയുടെ രുമേഷിക കുമാരി രത്‌നനായകെ 23.43 സെക്കന്‍ഡില്‍ വെള്ളിയും കസാഖിന്റെ ഓള്‍ഗ സഫ്രനോവ 23.47 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ ദ്യുതി ചന്ദും ശ്രാബണി നന്ദയും നാലും അഞ്ചും സ്ഥാനങ്ങളിലായി. പുരുഷന്‍മാരുടെ 200ല്‍ ഏഷ്യന്‍ റെക്കോഡുകാരന്‍ ഖത്തറിന്റെ ഫെമി ഒഗുനോദെയെ അട്ടിമറിച്ച് ചൈീസ് തായ്‌പേയുടെ യാങ് ചുന്‍ ഹാന്‍ (20.66) ഒന്നാമതെത്തി. കൊറിയയുടെ പാര്‍ക് ബോങ്ങോ (20.76) രണ്ടാമത് വന്നപ്പോള്‍ ഒഗുനോദെ 20.79 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 100ലും കിരീടം നിലനിര്‍ത്താന്‍ ഒഗുനോദെക്ക് കഴിഞ്ഞില്ല. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പ് ഈ ഖത്തറുകാരന് നഷ്ടമാകും.
പുരുഷ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണിലൂടെ ഇന്ത്യ വെങ്കലം സ്വന്തമാക്കി. ഒരു മിനിറ്റ് 50.07 സെക്കന്‍ഡിലായിരുന്നു ജിന്‍സന്റെ വെങ്കലനേട്ടം. തന്റെ മികച്ച പ്രകടനത്തിന് അടുത്തെത്താനായില്ല ജിന്‍സണ്. കഴിഞ്ഞ വര്‍ഷം കുറിച്ച 1:45.98 സമയമാണ് ജിന്‍സന്റെ മികച്ച പ്രകടനം. കുവൈത്തിന്റെ അല്‍സൊഫൈരി (1: 49.47) സ്വര്‍ണവും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ ഖത്തറിന്റെ ജമാല്‍ ഹയ്‌റാനെ (1:49.94) വെള്ളിയും നേടി.വനിതകളുടെ 800ല്‍ അര്‍ച്ചന നേടിയ അപ്രതീക്ഷിത സ്വര്‍ണത്തിന് അധികം ആയുസുണ്ടായില്ല. ഒപ്പത്തിനൊപ്പം വന്ന ശ്രീലങ്കന്‍ താരത്തെ തള്ളിയതിനാല്‍ മത്സരശേഷം ജൂറി അര്‍ച്ചനയെ അയോഗ്യയാക്കുകയായിരുന്നു. യഥാക്രമം ശ്രീലങ്കയുടെ നിമാലി വാലി വര്‍ഷയും (2:05.24) ഗയന്തിക തുഷാര (2:05.27) സ്വര്‍ണവും വെള്ളിയും നേടി. ഹെപ്റ്റാത്ത്‌ലണില്‍ 5942 പോയിന്റുമായാണ് സപ്‌ന ബര്‍മന്‍ നിര്‍ണായക സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ തന്നെ പൂര്‍ണിമ ഹെംബ്രാം വെങ്കലം നേടി. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളി താരം ലിക്‌സി ജോസഫ് നാലാമതായാണ് ഫിനിഷ് ചെയ്തത്. പുരുഷ പതിനായിരം മീറ്ററില്‍ 29 മിനുറ്റ് 55.87 സെക്കന്റിലാണ് ജി.ലക്ഷ്മണന്റെ ഫിനിഷിങ്. ടി.ഗോപിയുടെ സമയം 29:58.89 സെക്കന്റ്. പുരുഷ വിഭാഗം 4-400 റിലേയില്‍ സ്വര്‍ണം (3:02.92) നേടിയ ഇന്ത്യന്‍ ടീമില്‍ കുഞ്ഞു മുഹമ്മദ്, അമോജ് ജേക്കബ്, വൈ.മുഹമ്മദ് അനസ് എന്നിവരായിരുന്നു മലയാളി താരങ്ങള്‍. ആരോക്യ രാജീവായിരുന്നു മറ്റൊരു താരം. ജിസ്‌ന മാത്യു, എം.ആര്‍ പൂവമ്മ, നിര്‍മ്മല, ദേബശ്രീ മജുംദാര്‍ എന്നിവരാണ് സ്വര്‍ണം നേടിയ വനിത റിലേ ടീം അംഗങ്ങള്‍.

chandrika: