X

ഇന്ത്യയും യുഎസും ഇനി ഭയ്യ ഭയ്യ; ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളി

വാഷിങ്ടണ്‍: ഇന്ത്യയെ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാകാനുള്ള തടസങ്ങള്‍ നീങ്ങി. യുഎസ് കോണ്‍ഗ്രസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 618 യുഎസ് ബില്യണ്‍ ഡോളര്‍ വരുന്ന യുഎസിന്റെ പ്രതിരോധ ബജറ്റില്‍ ഇനി ഇന്ത്യയും ഇടം നേടും. ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഇടപാടുകള്‍ വന്‍ശക്തിയാര്‍ജ്ജിക്കുമെന്നു വിലയിരുത്തുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഇടപാടുകള്‍ക്കായുള്ള ആക്റ്റിനു രൂപം നല്‍കി. നാഡാ ആക്റ്റിലാണ് പ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യയെ തെരഞ്ഞെടുത്തത്. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കണമെന്നും നാഡാ (നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്റ്റ്) വ്യക്തമാക്കുന്നു. പ്രതിരോധ ഇടപാടുകളില്‍ ഇന്ത്യയെ പങ്കാളിയാക്കുന്ന പ്രമേയം മുന്‍പ് യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സില്‍ 34ന് എതിരെ 375 വോട്ടുകള്‍ക്ക് പാസായിരുന്നു. ഇന്നലെ സെനറ്റില്‍ പ്രസിഡന്റ് ബറാക് ഒബാമ ആക്റ്റില്‍ ഒപ്പുവച്ചു. ഇന്ത്യയുമായി പ്രതിരോധ ഇടപാടുകളില്‍ സഹകരിക്കുന്നതില്‍ അതീവ സന്തോഷവാനാണെന്നു സെനറ്റിലെ ഉപാധ്യക്ഷന്‍ മാര്‍ക്ക് വാര്‍ണര്‍ വ്യക്തമാക്കി. പ്രതിരോധ ഇടപാടുകളിലെ ബന്ധം ശക്തമാക്കുന്നതിനൊപ്പം പ്രതിരോധ ഇടപാടുകളും ശക്തമാക്കും. കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ മികച്ച സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്നും ലോക രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ സഹകരണം വര്‍ദ്ധിക്കും. കൂടാതെ പ്രതിരോധ മേഖലയില്‍ നൂതന സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും കൈമാറ്റങ്ങള്‍, ഒന്നിച്ചുള്ള സൈനിക നീക്കങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇന്ത്യയുടെ മനുഷ്യത്വപരമായ നടപടികള്‍ക്ക് യുഎസിന്റെ പിന്തുണയുമുണ്ട്.

ദുരന്തനിവാരണങ്ങളില്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ മേഖലയിലെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാനായി ആയുധങ്ങളുടെ വ്യാപനവും ഉടമ്പടി ഉറപ്പാക്കുന്നു. കരാര്‍ വഴി യുഎസ്-ഇന്ത്യാ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വ്യാപാരവും മെച്ചപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ റാപ്പിഡ് റിയാക്ഷന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൈമാറും. ഇന്ത്യയിലെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎസിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാമെന്നും നിയമങ്ങളുടെയും നയങ്ങളുടെയും അടിസ്ഥാനത്തില്‍ സൈബര്‍ നിരീക്ഷണവും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമാക്കുമെന്നും ബില്ലില്‍ പറയുന്നുണ്ട്.

ബില്ല് പാസായി 180 ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിരോധ സെക്രട്ടറി- ആഭ്യന്തര സെക്രട്ടറി എന്നിവര്‍ സംയുക്തമായി യുഎസ് കോണ്‍ഗ്രസിലെ ഡിഫന്‍സ് കമ്മിറ്റി, വിദേശകാര്യ മന്ത്രാലയം, സെനറ്റ്, ജനപ്രതിനിധി സഭ എന്നിവയ്ക്കു മുന്‍പില്‍ എങ്ങനെയാണ് കരാറിലൂടെഅമേരിക്ക ഇന്ത്യയുമായി കാര്യങ്ങളില്‍ സഹായിക്കുന്നത് എന്ന് വെളിപ്പെടുത്തും.

chandrika: