X

ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ബംഗ്ലാദേശ് ബാറ്റ് വെച്ചു കീഴടങ്ങി

 
ലണ്ടന്‍: പേസര്‍മാരും ബാറ്റ്‌സ്മാന്മാരും മികവ് പുറത്തെടുത്തപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 240 റണ്‍സിനു തകര്‍ത്തു. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 324 റണ്‍സ് അടിച്ചുകൂട്ടുകയും എതിരാളികളെ 23.5 ഓവറില്‍ 84 റണ്‍സില്‍ എറിഞ്ഞൊതുക്കുകയുമായിരുന്നു. ശിഖര്‍ ധവാന്‍ (60), ദിനേഷ് കാര്‍ത്തിക് (94 റിട്ട. ഹര്‍ട്ട്), ഹര്‍ദിക് പാണ്ഡ്യ (80 നോട്ടൗട്ട്) എന്നിവര്‍ ബാറ്റിങിലും ഭുവനേശ്വര്‍ കുമാര്‍ (13 റണ്‍സിന് മൂന്നു വിക്കറ്റ്), ഉമേഷ് യാദവ് (16 റണ്‍സിന് മൂന്നു വിക്കറ്റ്) എന്നിവര്‍ ബൗളിങിലും തിളങ്ങി.
21 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മയെയും (1), അജിങ്ക്യ രഹാനെയെയും (11) നഷ്ടമായ ഇന്ത്യക്ക് പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മൂന്നാം വിക്കറ്റില്‍ ധവാനും കാര്‍ത്തിക്കും ചേര്‍ന്ന് സ്‌കോര്‍ 121-ലെത്തിച്ചു. 67 പന്തില്‍ 60 റണ്‍സെടുത്ത ധവാന്‍ മുന്‍സമുല്‍ ഇസ്്‌ലാമിന്റെ പന്തില്‍ മെഹദി ഹസന്‍ പിടികൂടിയതിനു ശേഷം കേദാര്‍ ജാദവ് (31) കാര്‍ത്തിക്കിന് പിന്തുണ നല്‍കി. സ്‌കോര്‍ 196-ലെത്തിയപ്പോള്‍ ജാദവിനെ സുന്‍സമുല്‍ ബൗള്‍ഡ് ചെയ്തപ്പോഴാണ് ഈ സഖ്യം പിരിഞ്ഞത്. വ്യക്തിഗത സ്‌കോര്‍ 94-ല്‍ നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കിന് പരിക്കേറ്റ് പിന്മാറേണ്ടി വന്നു. 77 പന്തില്‍ എട്ട് ഫഓറും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്റെ ഇന്നിങ്‌സ്. പിന്നീട് രവീന്ദ്ര ജഡേജയും (32) ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്നിങ്‌സ് മുന്നോട്ടു നയിച്ചത്. ജഡേജയെ റൂബല്‍ ഹുസ്സൈന്‍ മടക്കിയതിനു ശേഷം അശ്വിന്‍ (5), ഭുവനേശ്വര്‍ കുമാര്‍ (1) എന്നിവരായിരുന്നു പാണ്ഡ്യയുടെ കൂട്ട്. 54 പന്തില്‍ ആറ് ഫോറും നാല് സിക്‌സറുമടിച്ച പാണ്ഡ്യ റൂബല്‍ ഹുസൈനെ സിക്‌സറിനു പറത്തിയാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. റൂബല്‍ ഹുസൈന്‍ മൂന്നും സുന്‍സമുല്‍ ഇസ്ലാം രണ്ടും വിക്കറ്റ് വീഴ്ത്തി.
കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത് ഉമേഷ് യാദവാണ്. തന്റെ രണ്ടാം ഓവറില്‍ സൗമ്യ സര്‍ക്കാറിനെയും (2), സബ്ബിര്‍ റഹ്്മാനെയും (0) ഉമേഷ് മടക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇംറുല്‍ കയ്‌സിനെ (7) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. ഏഴാം ഓവറില്‍ ഷാകിബ് അല്‍ ഹുസൈനെയും (7) മഹ്്മൂദുല്ലയെയും (0) പുറത്താക്കി ഭുവി ആഞ്ഞടിച്ചു.തൊട്ടുപിന്നാലെ മുദസ്സക് ഹുസൈനെ (0) മടക്കി ഉമേഷ് യാദവും ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് ആറു വിക്കറ്റിന് 22 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഈ ഘട്ടത്തില്‍ മുഷ്ഫിഖുര്‍ റഹീമും (13), മെഹദി ഹസന്‍ ഷിറാസു(24)മാണ് നേരിയ ചെറുത്തുനില്‍പ്പെങ്കിലും നടത്തിയത്. സ്‌കോര്‍ 47-ല്‍ നില്‍ക്കെ മുഷ്ഫിഖിനെ മുഹമ്മദ് ഷമി പുറത്താക്കി. 20-ാം ഓവറില്‍ ഷിറാസിനെ ബുംറയും മടക്കി. ഷംസുല്‍ ഇസ്ലാമിനെ (18) അശ്വിനും റൂബല്‍ ഹുസൈനെ (0) ഹര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ബംഗ്ലാദേശിന്റെ ദുരിതത്തിന് അറുതിയായി.

chandrika: