ദോഹ: ഇന്ത്യയില്‍ നിന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ സുരക്ഷിതവും ഉപയോഗയോഗ്യവുമാണെന്ന് ഹ്യൂമന്‍ ഫുഡ് കണ്‍ട്രോള്‍ കമ്മറ്റി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ജിസിസി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും കമ്മറ്റി അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറിയില്‍ സാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ചെമ്മീന്‍ ഉപയോഗിക്കാമെന്ന് കമ്മറ്റി നിര്‍ദേശിച്ചത്. ചെമ്മീനില്‍ വൈറ്റ് സ്‌പോട്ട് വൈറല്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത് (ഒ.ഐ.ഇ) രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലിത്തോപിനോസ് വന്നാമെയ് ഇനത്തില്‍പ്പെട്ട ചെമ്മീനുകളിലാണ് വൈറ്റ് സ്‌പോട്ട് വൈറല്‍ രോഗം കണ്ടെത്തിയത്. മേഖലയിലെ രാജ്യങ്ങളിലൊന്ന് ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി അടുത്തിടെ നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയം സാമ്പിളുകള്‍ പരിശോധിച്ചത്. ചെമ്മീനുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് എല്ലാ മുനിസിപ്പാലിറ്റികളിലേയും ചന്തകളില്‍ കര്‍ശന പരിശോധന നടത്തിയിരുന്നു. കൂടാതെ ചന്തകളില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സാമ്പിളുകളെടുത്ത് ലബോറട്ടറിയില്‍ പരിശോധന നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ഉള്‍പ്പെടെയുള്ള എല്ലാ മീനുകളും രോഗവിമുക്തമാണെന്ന് ഉറപ്പാക്കുന്നതിനായി നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയം സര്‍ക്കുലര്‍ നല്‍കിയിരുന്നു.