ദുബായ്- ഇന്ത്യന്‍ വംശജയായ എഴുത്തുകാരി അവ്‌നി ദോഷിയുടെ കന്നി നോവല്‍ ബേണ്‍ഡ് ഷുഗര്‍ 2020ലെ മാന്‍ബുക്കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍. ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍ എന്ന പേരിലാണ് നോവല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ളത്. യു.എസ് പൗരയാണ് അവ്‌നി ദോഷി. ന്യൂജഴ്‌സിയില്‍ ജനിച്ച അവര്‍ ഇപ്പോള്‍ താമസിക്കുന്നത് ദുബായിലാണ്.
‘ഇതൊരു പ്രണയകഥയാണ്. വഞ്ചനയെ കുറിച്ചുള്ള കഥയാണ്. അത് പ്രണയിതാക്കള്‍ തമ്മില്ല. അമ്മയും മകളും തമ്മിലാണ്. ബ്ലേഡിന്റെ മൂര്‍ച്ച പോലെ ദോഷി നമ്മോട് ഏറ്റവും അടുത്തവരുടെ പരിധികളെ പരീക്ഷിച്ചിക്കുന്നു. വിശാലാര്‍ത്ഥത്തില്‍ അവര്‍ നമ്മെ തന്നെയാണ് ഉരച്ചുനോക്കുന്നത്’- ബുക്കര്‍പ്രൈസ് സമിതി നിരീക്ഷിച്ചു.
‘എന്റെ എഡിറ്ററാണ് വാര്‍ത്ത അറിയിച്ചത്. അതിന്റെ ഞെട്ടലിലായിരുന്നു ദിവസം മുഴുവന്‍. ഞാന്‍ ആരാധിക്കുന്ന എഴുത്തുകാര്‍ക്കൊപ്പം പട്ടികയില്‍ ഇടംപിടിച്ചത് തന്നെ അഭിമാനകരമാണ്’ – ദോഷി പറഞ്ഞു.
ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്‍ഡല്‍ അടക്കം 13 പേരാണ് പുരസ്‌കാരത്തിന്റെ ആദ്യ പട്ടികയിലുള്ളത്. 162 നോവലുകളില്‍ നിന്നാണ് ഇത്രയും കൃതികള്‍ തെരഞ്ഞെടുത്തത്. പബ്ലിഷറും എഡിറ്ററുമായ മാര്‍ഗരറ്റ് ബസ്‌ബൈ ചെയര്‍മാനായ അഞ്ചംഗ ജൂറിയാണ് ആദ്യ പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്. ആറു പുസ്തകങ്ങളുടെ അന്തിമ പട്ടിക സെപ്തംബര്‍ 15ന് പുറത്തിറക്കും. നവംബറിലാണ് വിജയിയെ പ്രഖ്യാപിക്കുക.
- 4 years ago
Test User