കൊച്ചി: യമനില്‍ തടവിലാക്കപ്പെട്ട തനിക്ക് ഇന്ത്യക്കാരനെന്ന നിലയിലുള്ള ആദരവ് ലഭിച്ചിരുന്നതായി ഫാ. ടോം ഉഴുന്നാലില്‍. ഇന്ത്യയിലെ നഴ്‌സുമാരും മറ്റു മേഖലകളിലുള്ളവരും അവിടെ സേവനം ചെയ്തുവരുന്നതുകൊണ്ടാകണം ഈ ആദരവെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഫാദര്‍. തന്നെ തടിവിലാക്കിയവര്‍ക്കായി പ്രാര്‍ഥിക്കുന്നത് ദൈവികമായ നിയോഗമാണ്. എന്നാല്‍ തടവിലാക്കിയത് ആരെന്നതും എന്തിനുവേണ്ടിയെന്നതും തനിക്കറിയില്ല. ഒരിക്കല്‍ പോലും എനിക്കുനേരെ അവര്‍ തോക്കുചൂണ്ടിയില്ല. ഒരുവിധത്തിലും അവര്‍ ഉപദ്രവിച്ചുമില്ല. മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും മരുന്നും ആവശ്യത്തിനു നല്‍കി. ദൈവം എന്നെ കാക്കുന്നുവെന്ന ചിന്തയായിരുന്നു എന്നെ നയിച്ചത്. നാനാജാതി മതസ്ഥരായ അനേകരുടെ പ്രാര്‍ഥനയുടെയും ത്യാഗത്തിന്റെയും ഫലമാണ് മോചനം.
ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും നേതാക്കളുടെ കൂട്ടായ പരിശ്രമങ്ങള്‍ സഹായകമായിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള അസമാധാനത്തിന്റെ സങ്കീര്‍ണതകള്‍ക്കു പ്രാര്‍ഥനയിലൂടെ പരിഹാരം കാണാനാകും. ദൈവം ഓരോരുത്തരെയും ഏല്‍പിച്ചിട്ടുള്ള ദൗത്യം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റുന്നതിനുള്ള യാത്രയില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരും. ആത്മധൈര്യം കൈവിടാതെ മുന്നേറുകയെന്നതാണു പ്രധാനമെന്ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ അദ്ദേഹം പറഞ്ഞു.