ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 102 ആയി. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച പിഡെ ജയയില്‍ നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കുവേണ്ടി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. 600ലേറെ പേര്‍ക്ക് പരിക്കുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 200ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. ഇവര്‍ താല്‍ക്കാലിക തമ്പുകളിലാണ് കഴിഞ്ഞുകൂടുന്നത്.
പ്രസിഡന്റ് ജോകോ വിഡോഡോ ഇന്ന് ആച്ചെയിലെ ദുരന്തഭൂമി സന്ദര്‍ശിക്കും. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കൂറ്റന്‍ യന്ത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. മ്യൂറ്യോദു നഗരത്തില്‍ തകര്‍ന്ന ഒരു മാര്‍ക്കറ്റില്‍നിന്ന് ഇന്നലെ 20 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആച്ചെയില്‍ നിരവധി പള്ളികളും ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്. റോഡുകളില്‍ വിള്ളല്‍വീണ് വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു. മേഖലയില്‍ വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഭക്ഷണത്തിനും കുടിവെള്ളത്തിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. തുടര്‍പ്രകമ്പനം ഭയന്ന് ആളുകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് അന്തിയുറങ്ങുന്നത്. 2004ലെ സുനാമിയെക്കാള്‍ ശക്തമായ ഭൂകമ്പമാണ് ബുധനാഴ്ചയുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു.