ന്യൂഡല്‍ഹി: മാനവ വിഭവശേഷി മന്ത്രാലയം ഇനിയില്ല. 25 വര്‍ഷം മുന്‍പ് മാനവ വിഭവശേഷി മന്ത്രാലയം ആയി മാറിയ വിദ്യാഭ്യാസ വകുപ്പിന് പഴയ പേരു തിരിച്ചുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ നിര്‍ദേശം ഉള്‍പ്പെടെ സമര്‍പ്പിച്ച പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ ചെയര്‍മാനായ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയം തയാറാക്കിയത്
രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് 1985 ലാണ് വിദ്യാഭ്യാസ വകുപ്പ് മാനവ വിഭവശേഷി വികസന മന്ത്രാലയം ആയത്. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആയിരുന്നു ആദ്യമന്ത്രി. ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ചെയര്‍മാന്‍ റാം ബഹാദൂര്‍ റായ് ആണ് 2018 ല്‍ പേരു തിരിച്ചുകൊണ്ടുവരണമെന്ന ആശയം മുന്നോട്ടുവച്ചത്. രാജീവ് ഗാന്ധിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചാണ് പേരുമാറ്റിയതെന്ന് ആര്‍എസ്എസ് ബന്ധമുള്ള ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ സംഘടിപ്പിച്ച ചടങ്ങില്‍ റായ് പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തെയും മനുഷ്യനെയും വിഭവം എന്നു വിശേഷിപ്പിക്കുന്നത് ഇന്ത്യന്‍ മൂല്യങ്ങളുമായി യോജിക്കുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്ന് 2014 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കിയിരുന്നു