വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. പ്രാദേശിക സമയം 10.30ന് നടന്ന ചടങ്ങില്‍ യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് കൂടെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും സത്യവാചകം ചൊല്ലി അധികാരമേറ്റു. ഒമ്പതു ലക്ഷം പേര്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡര്‍ നവ്‌ചേത് സിങ് സര്‍ണ പങ്കെടുത്തു.
വൈറ്റ്ഹൗസിലെത്തിയ ട്രംപിനെയും ഭാര്യ മെലാനിയയെയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമയും ഭാര്യ മിഷേലും ചേര്‍ന്ന് സ്വീകരിച്ചു. ഒബാമയുടെ ചായ സത്കാരത്തിനു ശേഷമാണ് ട്രംപ് സ്ഥാനാരോഹണ ചടങ്ങ് നടന്ന കാപിറ്റോള്‍ ഹില്ലിലേക്ക് പോയത്. അധികാരമേറ്റ ശേഷം കാപിറ്റോള്‍ ഹില്ലില്‍ അദ്ദേഹത്തിനായി പരമ്പരാഗത രീതിയില്‍ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. മുന്‍ പ്രസിഡണ്ടുമാരായ ജോര്‍ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ബുഷിന്റെ ഭാര്യ ലോറ ബുഷ്, ഹിലരി ക്ലിന്റണ്‍, ട്രംപിന്റെ രണ്ട് മുന്‍ ഭാര്യമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
അതിനിടെ, വ്യവസായ ഭീമനായ ട്രംപ് യുഎസ് പ്രസിഡന്റാകുന്നതില്‍ രാജ്യത്ത് ഇപ്പോഴും കടുത്ത എതിര്‍പ്പ് തുടരുകയാണ്. വാഷിങ്ടണില്‍ നടന്ന ഉദ്ഘാടന പരേഡ് പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. നൂറോളം വരുന്ന പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. ട്രംപിനെതിരെ രാജ്യത്തുടനീളം ഇന്നലെയും വ്യാപകമായ പ്രതിഷേധം അരങ്ങേറി. അമ്പതോളം ഡെമോക്രാറ്റ് അംഗങ്ങള്‍ സ്ഥാനാരോഹണച്ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു.
എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് യു.എസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെയാണ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുത്തിയത്. 51 ശതമാനം പേരും ട്രംപ് പ്രസിഡന്റ്പദവിയില്‍ എത്തുന്നതിനെ എതിര്‍ക്കുന്നതായി കണക്ക് പറയുന്നു. ഒബാമയെ 12 ശതമാനവും ബുഷിനെ 25 ശതമാനവും ബില്‍ ക്ലിന്റനെ 18 ശതമാനവും പേരാണ് എതിര്‍ത്തിരുന്നത്. എട്ട് വര്‍ഷം മുമ്പ് ഒബാമ സ്ഥാനമേല്‍ക്കുന്ന ചടങ്ങിനെത്തിയത് 18 ലക്ഷം പേരായിരുന്നു.