X

ഇടത് മദ്യനയത്തിനെതിരെ യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ജൂലൈ 6ന്

 
കോഴിക്കോട് : മദ്യം വ്യാപകമാക്കി ബാര്‍ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടത് മദ്യനയത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജൂലൈ 6 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. എല്ലാം ശരിയാക്കും എന്ന ഇടതുപക്ഷ മുന്നണിയുടെ തെരെഞ്ഞെടുപ്പ് മുദ്യാവാക്യം ബാര്‍ മുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന മുദ്രാവാക്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കയാണെന്ന്്് യൂത്ത്്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടത് മദ്യനയം പിന്‍വലിക്കുകയും ഘട്ടം ഘട്ടമായി മദ്യനിരോധനം ലക്ഷ്യമാക്കിയിരുന്ന യു.ഡി.എഫിന്റെ മദ്യനയം പുനസ്ഥാപിക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നതായി ഫിറോസ് പറഞ്ഞു.
ക്വാറികള്‍ക്കുള്ള ദൂരപരിധി 50മീറ്റര്‍ ആക്കി പുനസ്ഥാപിച്ച നടപടി അടിയന്തിരമായി പിന്‍വലിക്കണം. കഴിഞ്ഞ യു.ഡി,എഫ് ഭരണകാലത്ത് പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനയും പരിസ്ഥിതി ആഘാത പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ദൂരപരിധി 100 മീറ്റര്‍ ആക്കിയതാണ് ഈ ഗവണ്‍മെന്റ് റദ്ദാക്കിയത്. കേരളത്തിന്റെ പുറത്തുള്ള സംസ്ഥാനങ്ങളില്‍ 50മീറ്റര്‍ ആണെന്ന് പറഞ്ഞ മന്ത്രി എ.സി മൊയ്തീന്റെ വാദം പച്ചക്കള്ളമാണ്. ബ്ലാസ്റ്റിംഗ് ഇല്ലാത്ത ക്വാറികള്‍ക്കാണ് ചില സംസ്ഥാനങ്ങളില്‍ 50മീറ്റര്‍ ദുരപരിധിയുള്ളത്. ബ്ലാസ്റ്റിംഗ് ഉള്ള ക്വാറികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ 300 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ദൂരപരിധിയുണ്ട്. ക്വാറി മുതലാളിമാരില്‍ നിന്നും വന്‍ തുക കൈക്കൂലി വാങ്ങിയിട്ടാണ് ഇത്തരം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതര ഏജന്‍സി അന്വേഷണം നടത്തണം. ക്വാറി മുതലാളിമാരെ കോഓഡിനേറ്റ് ചെയ്തത് ഈ ഗവണ്‍മെന്റിന്റെ കാലത്ത് രാജിവെച്ച മന്ത്രിയാണെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യവും അന്വേഷിക്കണമെന്ന് പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാറിന് ബാര്‍ മുതലാളിമാരുടെയും ക്വാറി മുതലാളിമാരുടെയും കാര്യത്തില്‍ മാത്രമാണ് താത്പര്യമുള്ളത്. അത്തരം സമീപനം ഉള്ളത് കൊണ്ടാണ് വില്ലേജ് ഓഫീസില്‍ പോലും മരിക്കേണ്ട ഗതികേട് ഇവിടുത്തെ സാധാരണക്കാരന് ഉണ്ടാവുന്നത്.
കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കി ധ്രൂവീകരണം നടത്താന്‍ ബി.ജെ.പി വ്യാപകമായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന്് പി.കെ ഫിറോസ് കുറ്റപ്പെടുത്തി. ഇതിന് നേതൃത്വം കൊടുക്കുന്നത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ്. എല്ലാ വര്‍ഗീയ കലാപങ്ങളുടെയും കാരണമായ ഊഹാപോഹങ്ങളും പച്ചക്കള്ളവും കാസര്‍കോട്ടും പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനാണ് കെ. സുരേന്ദ്രന്‍ ശ്രമിക്കുന്നത്. തുരുത്തിയിലെ ഒരു റോഡിന് ഗാസ എന്ന പേരിട്ടതിനെ വര്‍ഗീയമായി പ്രചരിപ്പിക്കുന്നത് സുരേന്ദ്രന്റെ നേതൃത്വത്തിലാണ്. ഇന്ത്യാ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ദിവസം പാകിസ്ഥാന് അനൂകൂലമായി മുദ്രാവാക്യം വിളിച്ചു എന്നും വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചുവെന്നും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ പ്രേരണയാലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാസര്‍കോട് കൊലപാതകവും അക്രമവും നടത്തുന്നത്. റിയാസ് മൗലവിയുടെ കൊലപാതകത്തിനും അതേ സ്ഥലത്ത് വെച്ച് അല്‍ത്താഫ് എന്ന ആള്‍ അക്രമിക്കപ്പെട്ടതും ഇതിന് ഉദാഹരണങ്ങളാണ്. അക്രമികള്‍ക്കെതിരെ മാത്രമല്ല ഇത്തരം വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.
തെക്കന്‍ കേരളത്തില്‍ എസ്.ഡി.പി.ഐ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായി മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിന് വിവിധ മത സംഘടനകളുമായും യുവജന നേതാക്കളുമായും യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ആശയ വിനിമയം നടത്തും. മുസ്‌ലിം ലീഗിന്റെ ആശയപ്രചാരണം തെക്കന്‍ കേരളത്തില്‍ കാര്യക്ഷമമാക്കുന്നതിന് യൂത്ത് ലീഗ് വിവിധ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജൂലൈ 23ന് തെക്കന്‍ കേരള പര്യടന പരിപാടി തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും.എറണാകുളം വരെയുള്ള ജില്ലകളിലാണ് പര്യടനം നടത്തുക.

chandrika: