ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി മത്സരം കാണാന്‍ 49,659 കാണികളെത്തിയെന്നാണ് ഐ.എസ്.എല്‍ അധികൃതരുടെ ഔദ്യോഗിക കണക്ക്. എന്നാല്‍ ഈ കണക്ക് തെറ്റാണെന്നും ഫിഫ നടപടികള്‍ ഭയന്നാണ് അധികൃതര്‍ യഥാര്‍ത്ഥ കണക്ക് പുറത്തു വിടാത്തതെന്നുമാണ് സോഷ്യല്‍ മീഡിയകളിലെ സംസാരം. 0.55 ലക്ഷമാണ് സ്റ്റേഡിയത്തിലെ ഔദ്യോഗിക സീറ്റിങ് കപ്പാസിറ്റിയെങ്കിലും അതിലേക്കാളേറെ പേര്‍ ഞായറാഴ്ച്ച സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയിരുന്നു.
മത്സരം തുടങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് തന്നെ ഗാലറി ഭൂരിഭാഗവും നിറഞ്ഞു. ഇതേതുടര്‍ന്ന് വൈകിയെത്തിയ പലര്‍ക്കും മത്സരം കാണാനായില്ല. അരലക്ഷത്തിലധികം പേര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് താരങ്ങളും സാക്ഷ്യപ്പെടുത്തുന്നു. 65,000ത്തിലധികം പേര്‍ സ്റ്റേഡിയത്തിലെത്തിയെന്നാണ് ബ്ലാസ്റ്റേഴ്‌സ് താരം മൈക്കല്‍ ചോപ്രയുടെ അഭിപ്രായം. ആരാധകരുടെ എണ്ണത്തെ അവിശ്വസനീയം എന്ന് വിശേഷിപ്പിച്ച ഡക്കന്‍സ് നാസോണ്‍ എണ്‍പതിനായിരത്തോളം പേരെങ്കിലും ഞായറാഴ്ച്ച സ്റ്റേഡിയത്തിലെത്തിയിട്ടുണ്ടാവുമെന്ന അഭിപ്രായക്കാരനാണ്.
കമന്റേറ്റേഴ്‌സും ഇക്കാര്യം ശരിവക്കുന്നു. കാണികളുടെ എണ്ണം കുറച്ച് പറയുന്ന ഐ.എസ്.എല്‍ അധികൃതരെ വിമര്‍ശിച്ച് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ആറാമത്തെ അറ്റഡന്‍സാണ് ഞായറാഴച്ചയിലേത്. ഒക്‌ടോബര്‍ 9ന് ഡല്‍ഹിക്കെതിരായ ലീഗ് റൗണ്ട് മത്സരം കാണാനാണ് മൂന്നാം സീസണില്‍ കൂടുതല്‍ കാണികളെത്തിയത്, 54,913 പേര്‍. ഒക്‌ടോബര്‍ അഞ്ചിലെ കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരം കാണാന്‍ 54,900 പേരും കൊച്ചിയിലെ സ്റ്റേഡിയത്തിലെത്തി.