തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ആര്‍ ശ്രീലേഖക്കെതിരായ വിജിലന്‍സ് അന്വേഷണം വൈകിപ്പിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ വിമര്‍ശനം.
ശ്രീലേഖക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്ന് കോടതി പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോയതിനാലാണ് അന്വേഷണം വൈകിയതെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ മറുപടി തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അതിന്മേല്‍ അന്വേഷണം വേണ്ട എന്നു തീരുമാനിക്കുന്നത് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ ആര്‍. ശ്രീലേഖ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയെന്നായിരുന്നു പരാതി. ഇത് ശരിവെച്ചു കൊണ്ട് മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്രീലേഖക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശയില്‍ നടപടി എടുക്കുന്നതില്‍ ചീഫ് സെക്രട്ടറി നാലു മാസം വൈകിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നുമായിരുന്നു പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ശ്രീലേഖക്കെതിരെ അന്വേഷണ ശിപാര്‍ശ അടങ്ങിയ ഫയല്‍ കൈവശമിരിക്കുമ്പോഴാണ് ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവിയാക്കിയത്. കൃത്യമായ നടപടിക്രമങ്ങളും നിയമ വ്യവസ്ഥയും പാലിച്ചിരുന്നുവെങ്കില്‍ ശ്രീലേഖയെ ആ പദവിയില്‍ നിയമിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിനാല്‍ ബോധപൂര്‍വം ചീഫ് സെക്രട്ടറി ഫയല്‍ പൂഴ്ത്തിയതാണെന്നും ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് പറഞ്ഞ വിജിലന്‍സ് പ്രത്യേക ജഡ്ജ് എ.ബദറുദ്ദീന്‍, കേസ് വിധി പറയുന്നത് ഈ മാസം 21ലേക്ക് മാറ്റി.