കാസര്‍കോട്: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ കൂട്ടുപ്രതിയാണെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിയമലംഘനമെന്ന് ജില്ലാ കലക്ടര്‍ വിധിയെഴുതിയിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മന്ത്രി തോമസ് ചാണ്ടി രാജിവെക്കാതിരിക്കുന്നതിന്റെ ഉത്തരവാദിയും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
പടയൊരുക്കം’ യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുന്നതിന് മുമ്പ് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. ഇനിയും കയ്യേറ്റം നടത്തും. ഇനിയും കായല്‍ നികത്തുമെന്നുമൊക്കെയാണ് തോമസ് ചാണ്ടി വെല്ലുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ നടത്തുന്ന ജനജാഗ്രത ജാഥയിലാണ് ചട്ടമ്പി വര്‍ത്തമാനം പോലെ മന്ത്രി പരാമര്‍ശം നടത്തിയത്. ഇത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ വിഷയത്തില്‍ ഞാന്‍ നേരത്തെ തന്നെ വിജിലന്‍സിന് പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം പരാതികളിലൊന്നും നടപടിയായില്ല. നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പച്ചപ്പിനെ കുറിച്ചും തണ്ണീര്‍തടത്തെ കുറിച്ചും സംസാരിക്കുന്ന മുഖ്യമന്ത്രി പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തോമസ് ചാണ്ടിയെ മന്ത്രി സഭയില്‍ നിന്നു പുറത്താക്കണം. മന്ത്രിയെ ശാസിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശാസിക്കാന്‍ മന്ത്രിയെന്താ, കൊച്ചുകുട്ടിയാണോയെന്നും ചെന്നിത്തല ചോദിച്ചു.
കയ്യേറ്റക്കാര്‍ക്കും സ്വര്‍ണക്കടത്തുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കൂട്ടുനില്‍ക്കുന്നവരുടെ മുന്നണിയായി ഇടതുമുന്നണി മാറിയിരിക്കുകയാണ്.
അഴിമതിക്കെതിരെയെന്ന് പറഞ്ഞുനടന്നവര്‍ അഴിമതിയുടെ ചെളിക്കുണ്ടിലായി. യു.ഡി.എഫില്‍ കളങ്കിതരുണ്ടെന്ന് പറഞ്ഞുനടന്നവര്‍ ജാഗ്രതായാത്ര നടത്തി ഒരു ജാഗ്രതയുമില്ലാതെ മാനം നഷ്ടപ്പെട്ടവരായിത്തീര്‍ന്നത് പൊതുജനത്തിന് കണ്ടുബോധ്യപ്പെട്ടെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ ഭരണമില്ലാത്ത അവസ്ഥയാണ്. പിണറായി സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ വട്ടപ്പൂജ്യമെന്നേ പറയാനാവൂ. നാലു മിഷനുകള്‍ പ്രഖ്യാപിച്ചു. നാലും ടേക്ക് ഓഫ് ചെയ്തില്ല. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനം നടക്കുമ്പോഴാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍- ഭൂമി കയ്യേറ്റം നടത്തി സര്‍ക്കാറിന്റെ നീര്‍ത്തട സംരക്ഷണ നയം പരസ്യമായി ലംഘിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് ഈ സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വത്തിന്റെ ഭാഗമാണ്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതിന് പകരം സമരക്കാരെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.
യു.ഡി.എഫ് നേതാക്കളായ ജോണി നെല്ലൂര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, എന്‍.എ നെല്ലിക്കുന്ന്, ഹക്കീം കുന്നില്‍, പാലോട് രവി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.
ആര്‍ജവമുണ്ടെങ്കില്‍ തോമസ് ചാണ്ടിയെ പുറത്താക്കണം: ചെന്നിത്തല
Tags: Chennithalapadayorukkam