X

ആദ്യ ഹജ്ജ് വിമാനം നാളെ; ജൂണ്‍ 22 വരെ വിദേശ തീര്‍ഥാടകരുടെ വരവ്

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുമായി ആദ്യ വിമാനം ഈ മാസം 21ന് സൗദിയിലെത്തും. ജൂണ്‍ 22 വരെ വിദേശ തീര്‍ഥാടകരുടെ വരവ് തുടരും. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മടക്കയാത്ര ആഗസ്റ്റ് രണ്ടുവരെ നീളും. വിമാനം വഴി തീര്‍ഥാടകരെ സൗദിയിലെത്തിക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കി.

വിദേശങ്ങളില്‍നിന്ന് തീര്‍ഥാടകരുമായി എത്തുന്ന വിമാനങ്ങള്‍ ഹാജിമാരെ ഇറക്കിയതിനുശേഷം രണ്ടു മണിക്കൂറില്‍ കൂടുതല്‍ വിമാനത്താവളത്തില്‍ തങ്ങാന്‍ അനുവദിക്കില്ല. തീര്‍ഥാടകരെ തിരിച്ചു കൊണ്ടുപോകുമ്പോള്‍ മൂന്നു മണിക്കൂര്‍ വരെ വിമാനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ തങ്ങാം. എന്നാല്‍, നാനൂറോ അതിലധികമോ യാത്രക്കാരെ വഹിക്കുന്ന വിമാനമാണെങ്കില്‍ ഇത് നാലു മണിക്കൂര്‍ വരെ അനുവദിക്കും.

കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് ഇതില്‍ മാറ്റംവന്നേക്കാം. തീര്‍ഥാടകരുടെ മടങ്ങിപ്പോക്ക് ഉറപ്പുവരുത്താന്‍ ദേശീയ, വിദേശ വിമാന കമ്പനികളോട് ബാങ്ക് ഗാരന്റി ആവശ്യപ്പെടാന്‍ അതോറിറ്റിക്ക് അവകാശമുണ്ടായിരിക്കും. തീര്‍ഥാടകരുടെ യാത്ര സംബന്ധിച്ച ഷെഡ്യൂളിന് വിമാനക്കമ്പനികള്‍ നേരത്തേതന്നെ അതോറിറ്റിയില്‍നിന്ന് അംഗീകാരം വാങ്ങിയിരിക്കണം.

തീര്‍ഥാടകരെ എത്തിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്ന വിമാനങ്ങളിലും ഷെഡ്യൂളുകളിലുമല്ലാതെ മറ്റു സര്‍വിസുകളില്‍ തീര്‍ഥാടകരെ എത്തിക്കാനോ തിരിച്ചയക്കാനോ പാടില്ല. തീര്‍ഥാടകരെ സാധാരണ യാത്രക്കാരില്‍നിന്ന് വേര്‍പെടുത്തണമെന്നും അവരുടെ ലഗേജ് ഉത്ഭവസ്ഥാനത്തുനിന്നുതന്നെ വ്യക്തമായ നിറങ്ങള്‍കൊണ്ട് അടയാളപ്പെടുത്തിയിരിക്കണമെന്നും അതോറിറ്റി.

ഹജ്ജ് വിമാനങ്ങളെ സ്വീകരിക്കാന്‍ നിയുക്ത വിമാനത്താവളങ്ങളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളെക്കുറിച്ച് പരിചിതനായ ഒരു മാനേജറെ കമ്പനികള്‍ വിമാനത്താവളത്തില്‍ നിയമിക്കണം. തീര്‍ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമുള്ള കുത്തിവെപ്പ് നടപടികള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തീര്‍ഥാടകര്‍ സൗദിയിലെത്തിയതിനുശേഷം മൂന്നു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികളോട് അഭ്യര്‍ഥിച്ചു.

webdesk14: