കൊച്ചി: രാജ്യത്ത് ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാം സ്ഥാനത്ത്. 2019ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം ശരാശരി 24.3 ശതമാനം ആത്മഹത്യകളാണ് കേരളത്തിലുണ്ടാകുന്നത്. ഇന്ത്യയിലെ ആകെ ആത്മഹത്യകളുടെ ശരാശരി നിരക്കിനേക്കാള്‍ (10.2) കൂടുതലാണ് കേരളത്തിലെ നിരക്കെന്നത് നിലവിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്കക്കിടയാക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓരോ വര്‍ഷവും നടക്കുന്ന 8,00,000 ആത്മഹത്യകളില്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് ഏറ്റവും മുന്നിലുള്ളത്. ആത്മഹത്യകള്‍ തടയുന്നതിനായി ആഗോളതലത്തില്‍ അവബോധം സൃഷ്ടിക്കുക, മാനസിക പ്രതിരോധം വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 10ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നുണ്ട്.
പ്രവര്‍ത്തനങ്ങളിലൂടെ പുതിയ പ്രതീക്ഷ സൃഷ്ടിക്കുക എന്നതാണ് ഈ വര്‍ഷത്തെ ആത്മഹത്യാ പ്രതിരോധ ദിന സന്ദേശം. പ്രതീക്ഷകള്‍ നശിച്ച് ബുദ്ധിമുട്ടുന്ന ആളുകളിലേക്ക് എത്തിപ്പെടാനും, അവരില്‍ പ്രതീക്ഷ ജനിപ്പിച്ച് ആത്മഹത്യകള്‍ തടയാന്‍ വ്യക്തികളെ പ്രാപ്തരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് സിസ്റ്റംസ് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ കോവിഡ് ലോക്ക്്ഡൗണ്‍ സമയത്തുണ്ടായ ആത്മഹത്യകളില്‍ 67.7 ശതമാനത്തിന്റെ വര്‍ധനവ് കണ്ടെത്തിയതായി അമൃത ആസ്പത്രിയിലെ സൈക്ര്യാട്രി ആന്‍ഡ് ബിഹേവിയര്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ റസിഡന്റ് ഡോ.കാത്‌ലീന്‍ ആന്‍ മാത്യു പറയുന്നു. ഈ പഠനം പ്രകാരം ഈ കാലയളവില്‍ 369 ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും നടന്നിട്ടുണ്ട്. 2019ല്‍ ഇതേ കാലയളവില്‍ 220 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ ലോക്ക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും 31നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗം പേരും പുരുഷന്‍മാരാണ് എന്നതാണ് മറ്റൊരു വസ്തുത. ഇവരിലേറെയും വിവാഹിതരായവരോ ജോലിയുള്ളവരോ ആണ്. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം വിഷാദരോഗം, മദ്യപാനം എന്നിവയെല്ലാം ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.