ആതുരസേവനരംഗത്ത് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങളുടെ ഇടമാണ് രാജ്യത്തെ മൂന്നുശതമാനം പേര്‍ മാത്രം വസിക്കുന്ന കേരളം. ഉയര്‍ന്ന സാക്ഷരതയും സാമൂഹിക ബോധവുമാണ് ഇതിന് വഴിവെച്ചതെങ്കിലും മാറിമാറിവന്ന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളും ഈ നേട്ടത്തിന് കാരണമായി എല്ലാവരും വിലയിരുത്തിയിട്ടുണ്ട്. എന്നാലിന്ന് കേരളത്തിന്റെ ആരോഗ്യരംഗത്ത് നടമാടുന്ന അനഭിലഷണീയമായ ഒട്ടേറെ പ്രവണതകള്‍ നാം അഭിമാനിക്കുന്നതെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുകയാണ്. സര്‍ക്കാരിനുകീഴിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തളര്‍ന്നുകിടക്കുമ്പോള്‍ കൂനുപോലെ മുളച്ചുപൊന്തുന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രികള്‍ കൊണ്ട് മാത്രം ആരോഗ്യരംഗത്തെ രക്ഷിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് വര്‍ധിച്ചുവരുന്ന കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം പോലുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും.
പെരുകുന്ന പലതരം പനികളും ഇനിയും തുടച്ചുനീക്കപ്പെട്ടിട്ടില്ലാത്ത കോളറ, ക്ഷയം, ചിക്കന്‍പോക്‌സ്, മന്ത്, എയ്ഡ്‌സ് മുതലായ രോഗങ്ങളും കേരളം ആരോഗ്യരംഗത്ത് പിറകോട്ടാണോ പോകുന്നതെന്നതിന്റെ സൂചനയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കേരളരൂപീകരണകാലത്ത് 59 മാത്രമായിരുന്ന മലയാളിയുടെ ആയുസ്സ് ഇന്ന് 74.2 ആയിരിക്കുന്നത് അഭിമാനകരം തന്നെ. രാജ്യത്തെ ശരാശരി ആയുസ്സ് 63.5 മാത്രമായിരിക്കുമ്പോഴാണിത്. നവജാത ശിശുക്കളുടെ മരണം ആയിരത്തിന് 12ഉം അമ്മമാരുടേത് ആയിരത്തിന് ഒന്നുമാണ്. രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം എന്ന രാജ്യത്തിന്റെ ലക്ഷ്യം സാധ്യമായതില്‍ ഈ രംഗത്തെ തൂപ്പുകാര്‍ മുതല്‍ ഉന്നതഡോക്ടര്‍മാര്‍ വരെയുള്ളവരുടെ പങ്ക് നിഷേധിക്കാനാവില്ലെങ്കിലും അതിനുശേഷം നീണ്ട ഒന്നരപതിറ്റാണ്ടായുള്ള കേരളത്തിന്റെ ആരോഗ്യസൂചികയില്‍ നിന്ന് മുന്നോട്ടായില്ലെങ്കിലും പിറകോട്ടല്ല നമുക്ക് ചരിക്കേണ്ടത്.
ഔഷധനിര്‍മാണ വിപണനരംഗത്ത് സംസ്ഥാനത്ത് കൊടിയ ചൂഷണം നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് ‘ചന്ദ്രിക’ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ‘അസുഖം മരുന്നിനും’ എന്ന പരമ്പര വിളിച്ചോതിയത്. ജനറിക് മരുന്നുകള്‍ക്കുപകരം ബ്രാന്‍ഡഡ് ഔഷധങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും വിറ്റഴിക്കുന്നതിനും പിന്നില്‍ ലാഭക്കൊതിയാണ്. യഥാര്‍ഥത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത് പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതുപോലെ കേരളത്തിന്റെ ആരോഗ്യരംഗത്തിനു തന്നെ കത്തിവെക്കുകയാണ്. ജനറിക് മരുന്നുകള്‍ കുറിക്കണമെന്ന് ഡോക്ടര്‍മാരോട് ആരോഗ്യവകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും പഴയപടിയില്‍ തന്നെയാണ്. അഥവാ കുറിപ്പെഴുതിയാല്‍ തന്നെയും അവ നല്‍കാന്‍ ഫാര്‍മസികള്‍ തയ്യാറാകാത്ത അവസ്ഥയുമുണ്ടാകുന്നു. ഇതുമൂലം 300 ശതമാനത്തിലധികം വിലവര്‍ധനവാണ് രോഗിക്ക് ഏറ്റേണ്ടിവരുന്നത്. വന്‍തോതിലുള്ള പാരിതോഷികങ്ങള്‍ മരുന്നുകമ്പനികള്‍ ചികില്‍സകര്‍ക്ക് നല്‍കുന്നതാണ് ഇതിന് കാരണം. കാന്‍സര്‍ , വൃക്ക രോഗികളുടെ കാര്യമാണ് ഏറെ ദയനീയം. ഇത്തരം മരുന്നുകള്‍ക്ക് വിലയില്‍ ഒരു നിയന്ത്രണവുമില്ല. 3000 രൂപയുടെ ജീവന്‍ രക്ഷാമരുന്നിനും അനുബന്ധഉപകരണങ്ങള്‍ക്കും 20000 രൂപ വരെ ഈടാക്കുന്നു.
സംസ്ഥാനത്തിനകത്ത് സ്വകാര്യ കമ്പനികള്‍ വിദേശത്തുനിന്ന് എത്തിക്കുന്ന പദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ ഒരുവിധ നിയന്ത്രണവുമില്ലാത്തതാണ് ഈ ദുസ്ഥിതിക്ക് കാരണം. ഫാര്‍മസികളില്‍ ഫാര്‍മസിസ്റ്റ് നിര്‍ബന്ധമാണെങ്കിലും അത് കടലാസില്‍ മാത്രമൊതുങ്ങുന്നു. 1948ലെ ഫാര്‍മസി ആക്ടും 2015ലെ ഫാര്‍മസി നിയന്ത്രണനിയമവും ഏട്ടിലെ പശുക്കള്‍ മാത്രമാണ്. യോഗ്യതയില്ലാത്തവര്‍ മരുന്നുകൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അത്യന്തം ഗുരുതരമാണ്. 20,315 സ്വകാര്യമരുന്നുകടകളുള്ള കേരളത്തില്‍ മരുന്ന് പരിശോധിക്കാനുള്ളത് 47 ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍. 7200 കോടി രൂപയുടെ മരുന്നാണ് ഒരു വര്‍ഷം സംസ്ഥാനത്ത് ചെലവാകുന്നത്. ബ്രാന്‍ഡഡ് മരുന്നുകളുടെ എണ്ണം എണ്‍പതിനായിരവും. ഭക്ഷണശാലകളുടെ കാര്യത്തില്‍ കാട്ടുന്ന ജാഗ്രത പോലും അധികൃതര്‍ മരുന്നുവിപണനരംഗത്ത് കാട്ടുന്നില്ല. വല്ലപ്പോഴും വന്ന് പിഴയിട്ട് പോകുന്ന അവസ്ഥയാണ്. ഇതിനുപിന്നിലെ കോഴവഴികളും പരിശോധിക്കപ്പെടേണ്ടതാണ്. നിരോധിച്ച മരുന്നുകള്‍ വീണ്ടും വില്‍ക്കപ്പെടുന്ന അവസ്ഥ ഒട്ടും ആശാസ്യമല്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങളിലെ അറിയിപ്പ് മാത്രമാക്കാതെ പൊതുജനങ്ങളെയും രോഗികളെയും ചികില്‍സകരെയും ബോധവല്‍കരിക്കുന്നതിനും അധികൃതര്‍ മുന്‍കരുതലെടുക്കണം.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ യഥാസമയം മരുന്നുകള്‍ എത്തിക്കാത്തതുമൂലം സര്‍ക്കാര്‍ ആസ്പത്രികളിലെ രോഗികള്‍ ബുദ്ധിമുട്ടുന്നതും പതിവാണ്. ആവശ്യത്തിനുപോയിട്ട് അനാവശ്യത്തിനും രോഗികളെ ഐ.സി.യു വിലാക്കുക എന്ന രീതിയും പതിവായിരിക്കുന്നു. ചെറിയ രോഗത്തിനു കഴിക്കുന്ന മരുന്ന് മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്ന അവസ്ഥയും വേണ്ടത്ര പരിശോധന ഈ രംഗത്ത് ഇല്ലെന്നതിന്റെ നിദര്‍ശനമാണ്. അകാരണമായി രോഗികളും ശുശ്രൂഷകരും പീഡിപ്പിക്കപ്പെടരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സ്വകാര്യആസ്പത്രികളുടെ നേര്‍ക്കുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമനിര്‍മാണം തന്നെ നാം നടത്തിയിട്ടുണ്ടെങ്കിലും രോഗികളും ബന്ധുക്കളും സ്വകാര്യ ആസ്പത്രികളില്‍ വന്‍തുക ചെലവഴിച്ച് തേടുന്ന ചികില്‍സ ചൂഷണമാറുകയുമരുത്. നന്മ വറ്റുന്ന സമകാലത്ത് ആരോഗ്യസംരക്ഷണവും പൂരക്കച്ചവടമാകരുത്.
അലോപ്പതി ചികില്‍സയുടെ കാര്യത്തിലെന്ന പോലെ കേരളത്തിന്റെ അഭിമാനമായ ആയുര്‍വേദ-സിദ്ധ രംഗത്തും കൊള്ളരുതായ്മകള്‍ നടക്കുന്നതായി വെളിപ്പെടുത്തുന്നത് ഈ രംഗത്തുള്ളവര്‍ തന്നെയാണ്.ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ എന്ന പേരില്‍ നടത്തുന്ന മസാജ് പാര്‍ലറുകള്‍ പലപ്പോഴും സെക്‌സ് റാക്കറ്റുകളുടെ താവളമാണ്. ഹോമിയോ, ആയുര്‍വേദം, യുനാനി ചികില്‍സകളെല്ലാം ഒരു കുടക്കീഴില്‍ എന്ന ആശത്തിനും പലകാലത്തെ പഴക്കമുണ്ട്. ആവശ്യമുള്ളപ്പോള്‍ രോഗിയുടെ ഇച്ഛകൂടി കണക്കിലെടുത്തുള്ള ഇതരചികില്‍സാ സമ്പ്രദായത്തിലേക്ക് മാറാന്‍ കഴിയണം. ഈ രംഗത്തെ പാരമ്പര്യചികില്‍സകരുടെ കഴിവും അവഗണിച്ചുകൂടാ. നാച്ചുറോപ്പതി രംഗത്തും ഒട്ടേറെപ്പേര്‍ ചികില്‍സ തേടുന്നുണ്ട്. ഇവരെയും പ്രൊഫഷണല്‍ മാതൃകയില്‍ ഔദ്യോഗിക ആതുരമേഖലയുമായി സന്നിവേശിപ്പിക്കുന്നത് ഇതര മേഖലകളിലെ തട്ടിപ്പുകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായകമാകും. എല്ലാത്തിനും മുകളില്‍ കേരളം ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും മനുഷ്യമുഖമുള്ള ഒരു ആതുരസംവിധാനമാണ്. അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.