.ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ആണവ കരാറിലേക്ക് തിരികെ വരണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അമേരിക്കയോട് ആവശ്യപ്പെട്ടു. യു.എസ് ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിനുവേണ്ടി ഇറാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അദ്ദേഹം അഭ്യത്ഥിച്ചു.
യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ പാശ്ചാത്യ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൂഹാനി. ജനറല്‍ അസംബ്ലിക്കെത്തിയ ലോക നേതാക്കളെ ഞാന്‍ കണ്ടു. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറിയ ശേഷം അമേരിക്ക ഒറ്റപ്പെട്ടിരിക്കുന്നുവെന്നാണ് അവരുമായുള്ള സംസാരത്തില്‍നിന്ന് വ്യക്തമായത്.
കരാറിലുള്‍പ്പെട്ട മറ്റു രാജ്യങ്ങളുടെ അനുമതിയോടെയല്ല അമേരിക്ക പിന്മാറാന്‍ തീരുമാനിച്ചത്. യു.എസ് ചെയ്തത് വലിയ തെറ്റാണെന്ന് അവരെല്ലാം സമ്മതിക്കുന്നുണ്ട്-റൂഹാനി പറഞ്ഞു.
അധികം വൈകാതെ ഒരു ദിവസം യു.എസ് ആണവ കരാറിലേക്ക് തിരിച്ചുവരും. ഈ പോക്ക് തുടരാന്‍ അവര്‍ക്ക് സാധിക്കില്ല. ആണവ കരാര്‍ വിഷയത്തില്‍ അമേരിക്കയെ ഒറ്റപ്പെടുത്തുകയാണ് ഇറാന്റെ ലക്ഷ്യം. ആണവ കരാറിന്റെ കാര്യത്തില്‍ യു.എന്‍ രക്ഷാസമിതി പ്രമേയത്തില്‍ യു.എസ് ഉറച്ചുനില്‍ക്കണമെന്ന് റൂഹാനി ആവശ്യപ്പെട്ടു. ശക്തമായ പ്രതികാരമെന്നാണ് യു.എസ് ഉപരോധങ്ങളെ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് വിശേഷിപ്പിച്ചത്. ആണവ കരാറില്‍നിന്നുള്ള യു.എസ് പിന്മാറ്റം നിയമവിരുദ്ധവും അനീതിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.