ന്യൂയോര്‍ക്: ജര്‍മനിയുടെ ആഞ്ജലിക്ക കെര്‍ബര്‍ ലോക റാങ്കിങിലെ ഒന്നാം സ്ഥാനത്തെ കിരീട നേട്ടത്തോടെ ന്യായീകരിച്ചു. യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്‌കോവയെയാണ് ജര്‍മന്‍ താരം പരാജയപ്പെടുത്തിയത്. 6-3, 4-6, 6-4 സ്‌കോറിനായിരുന്നു 28കാരി കെര്‍ബറിന്റെ വിജയം. ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപണിനു പിന്നാലെയാണ് യു.എസിലും കെര്‍ബര്‍ കിരീടമുയര്‍ത്തിയത്.
സെമി ഫൈനലില്‍ സെറീന വില്യംസിനെ അട്ടിമറിച്ച പ്രകടനം കെര്‍ബറിനെതിരെ പുറത്തെടുക്കാന്‍ പ്ലിസ്‌കോവക്ക് സാധിച്ചില്ല. സെറീനക്കെതിരെ പ്ലിസ്‌കോവയുടെ വിജയം കെര്‍ബറിന് ഒന്നാം റാങ്ക് ഉറപ്പാക്കിയിരുന്നു. ഇന്നു പ്രഖ്യാപിക്കുന്ന പുതുക്കിയ റാങ്കിങില്‍ കെര്‍ബര്‍ ഔദ്യോഗികമായി ഒന്നാം സ്ഥാനം സ്വന്തമാക്കും.
കരിയറിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനലിലാണ് കെര്‍ബര്‍ പോരാട്ടത്തിനിറങ്ങിയത്. ഒന്നാം റാങ്കുകാരിയുടെ ആധികാരികത ജര്‍മന്‍ താരത്തിന്റെ കളിയില്‍ കണ്ടു. തുടരെ പതിനൊന്നു വിജയവും ഈ വര്‍ഷം 447 എയ്‌സുകളും എന്ന മികച്ച റെക്കോര്‍ഡുമായാണ് പ്ലിസ്‌കോവ ഫൈനലിനെത്തിയത്. കഴിഞ്ഞ മാസം കെര്‍ബറിനെതിരെ നേടിയ സിന്‍സിനാറ്റി ഓപണ്‍ വിജയവും ഇതില്‍പ്പെടും. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇതിനു മുമ്പ് മൂന്നാം റൗണ്ട് കടന്നിട്ടില്ലെന്ന ദോഷവും ഇക്കുറി തിരുത്തിയിരുന്നു.
പക്ഷേ, ഫൈനലില്‍ ആദ്യ സെറ്റില്‍ 17 അണ്‍ഫോഴ്‌സ്ഡ് എററുകളാണ് പ്ലിസ്‌കോവ വരുത്തിയത്. എങ്കിലും രണ്ടാം സെറ്റില്‍ 17 വിന്നറുകളുമായി തിരിച്ചുവരവ് നടത്തി. എന്നാല്‍, മത്സരം മൂന്നാം റൗണ്ടിലെ നിര്‍ണായക പോരാട്ടത്തില്‍ കീഴടങ്ങി.