X

ആക്രമണം കടുപ്പിച്ച് രാഹുല്‍ മോദി രാജ്യത്ത് വെറുപ്പ് നിറച്ചു


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുപ്പുനിറഞ്ഞ ആളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദിവസം മൂന്നു മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളുവെന്ന് അവകാശപ്പെടുന്ന മോദി അഴിമതി സംബന്ധിച്ച സംവാദത്തിന് തയാറുണ്ടോ എന്നും രാഹുല്‍ വെല്ലുവിളിച്ചു. സ്‌നേഹം കൊണ്ട് നിറഞ്ഞ രാജ്യമായിരുന്നു ഇത്. എന്നാല്‍ രാജ്യത്ത് മോദി വെറുപ്പ് നിറച്ചു.
പൊതുപരിപാടികള്‍ക്കിടെ അദ്ദേഹത്തെ കാണുമ്പോള്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറാറുള്ളത്. എന്നാല്‍ അദ്ദേഹം മറുപടി നല്‍കാറില്ല. വളരെ ബഹുമാനത്തോടെ സംസാരിക്കുമ്പോഴും അദ്ദേഹം തന്നോടൊന്നും പറയാറില്ല. മോദിക്ക് തന്നോട് വ്യക്തിപരമായ വെറുപ്പാണ്. ഇങ്ങനെ ജനങ്ങള്‍ പറയുന്നതെന്തെന്ന് കേള്‍ക്കാതെ ഭരിച്ചാല്‍ രാജ്യത്തെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാകില്ല. മോദിയുടെ ആശയവിനിമയ വൈദഗ്ധ്യവുമായി ആരും ചേര്‍ന്നുപോകില്ലെന്നും രാഹുല്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉറക്കം പോലുമില്ലാതെ കഠിനാധ്വാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ രാജ്യത്തെ അഴിമതി, നോട്ട് നിരോധനം, ജി.എസ്.ടി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംവദിക്കാന്‍ വെല്ലുവിളിക്കുന്നു.
ആര്‍.ബി.ഐയുടെ ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചാണ് നോട്ടുനിരോധനം നടപ്പാക്കിയത്. രാജീവ് ജി, നെഹ്‌റു ജി, ഇന്ദിരാ ജി എന്നിവരെ അധിക്ഷേപിച്ച് മോദി സംസാരിക്കുന്നു. പക്ഷേ, സത്യമെന്താണെന്ന് എനിക്കറിയാം. അദ്ദേഹം നുണ പ്രചരിപ്പിക്കുകയാണെന്നും എനിക്കറിയാം. ഇതെല്ലാം മെയ് 23ന് വ്യക്തമാകും -രാഹുല്‍ തുറന്നടിച്ചു. മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നാണ് അഞ്ചുവര്‍ഷം മുമ്പ് ചിലര്‍ പറഞ്ഞിരുന്നത്. പക്ഷേ, ഞങ്ങള്‍ പിന്‍വാങ്ങിയില്ല. പാര്‍ലമെന്റിലും പുറത്തും ഞങ്ങള്‍ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹം ഭയന്നിരിക്കുകയാണ്. നരേന്ദ്രമോദി വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

web desk 1: