കട്ടക്ക്: രഞ്ജി ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് കേരളം ത്രിപുരയെ തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 183 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
കേരള ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് ഒരു റണ്‍സകലെ വച്ച് സെഞ്ച്വറി നഷ്ടമായത് വിജയത്തിനിടയിലും കേരളത്തിന് നോവായി. 125 പന്തില്‍ 15 ബൗണ്ടറികളുടെ സഹായത്തോടെയാണ് അസ്ഹറുദ്ദീന്‍ 99 റണ്‍സെടുത്തത്. വിജയത്തോടെ നിര്‍ണ്ണായകമായ ആറ് പോയന്റുകള്‍ സ്വന്തമാക്കിയ കേരളം എലൈറ്റ് ഗ്രൂപ്പ് പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയതിന് ശേഷമാണ് കേരളത്തിന്റെ അതിഗംഭീര തിരിച്ചുവരവ്. സ്‌കോര്‍: ത്രിപുര 213, 162, കേരളം 193, 183/3
വിക്കറ്റ് നഷ്ടം കൂടാതെ 117 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് അസ്ഹറുദ്ദീനെ കൂടാതെ ഓപണര്‍ ഭവിന്‍ താക്കറിന്റെയും (47) ജലജ് സക്‌സേനയുടെയും (05) വിക്കറ്റുകളാണ് നഷ്ടമായത്. താക്കര്‍ 129 പന്തില്‍ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 47 റണ്‍സെടുത്തു. 15 റണ്‍സുമായി സല്‍മാന്‍ നിസാറും ഒന്‍പത് റണ്‍സുമായി സച്ചിന്‍ ബേബിയും പുറത്താകാതെ നിന്നു. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരള ടീമിന് സീസണില്‍ ആദ്യ വിജയം സ്വന്തമാക്കാനായതെന്നതും മത്സരത്തിന്റെ പ്രത്യേകതയാണ്. ആദ്യ ഇന്നിങ്‌സില്‍ 213 റണ്‍സെടുത്ത ത്രിപുര കേരളത്തെ 193 റണ്‍സിലൊതുക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ കേരള ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ത്രിപുര കേവലം 162 റണ്‍സിന് തകരുകയായിരുന്നു. 7.1 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രന്‍, 14 ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഇഖ്ബാല്‍ അബ്ദുല്ല എന്നിവരാണ് ത്രിപുര ബാറ്റിങ് നിരയെ തകര്‍ത്തത്. അക്ഷയ് ചന്ദ്രന്‍ ആദ്യ ഇന്നിങ്‌സില്‍ 36 റണ്‍സും നേടിയിരുന്നു. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.