റോം: സാന്‍സിറോ ഇറ്റലിയെ ചതിക്കാറില്ല. പക്ഷേ പ്രിയപ്പെട്ട കളിമുറ്റത്ത് ഒരു തവണയെങ്കിലും സ്വീഡിഷ് വലയില്‍ പന്തെത്തിക്കാന്‍ കഴിയാതെ അസൂരികള്‍ തല താഴ്ത്തി. 1958 ന് ശേഷം ആദ്യമായി ലോകകപ്പിന്റെ അവസാന ഘട്ടത്തിന് അവരില്ല. ലോകകപ്പ് ചരിത്രത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരാണ് അസൂരിപ്പട. 1934 ലും 1938 ലും 1982 ലും 2006 ലുമായി നാല് തവണ ലോകകപ്പില്‍ മുത്തമിട്ടവര്‍. 1970 ലും 1994 ലും ഫൈനല്‍ കളിച്ചവര്‍. 1990 ല്‍ മൂന്നാം സ്ഥാനവും 1978 ല്‍ നാലാം സ്ഥാനവും നേടിയവര്‍. എത്രയോ തവണ ലോകത്തിന്റെ കാല്‍പ്പന്ത് മുറ്റത്ത് പ്രതിരോധത്തിന്റെ കരുത്തുമായി തല ഉയര്‍ത്തി നിന്നവര്‍. ഇന്നലെയവര്‍ കൈമെയ് മറന്ന് ആക്രമണത്തിന്റെ വാതിലുകള്‍ തുറന്നപ്പോള്‍ പ്രതിരോധത്തിന്റെ വഴിയില്‍ സ്വീഡന്‍ കരുത്ത് കാട്ടി റഷ്യന്‍ ടിക്കറ്റ് നേടി. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ്‍ ഉള്‍പ്പെടെ ഇറ്റാലിയന്‍ ഫുട്‌ബോളിലെ സുവര്‍ണ തലമുറ കണ്ണീരോടെ മടങ്ങി. ആദ്യ പാദത്തില്‍ പിറന്ന ഏക ഗോളിന്റെ കരുത്താണ് സ്വീഡനെ തുണച്ചതും ഇറ്റലിയെ ചതിച്ചതും.
എന്താണ് അസൂരികള്‍ക്ക് സംഭവിച്ചത് എന്നതിന് പരിശീലകന്‍ ജിയാന്‍ പിയാറ വെന്‍ഡൂറക്ക് പോലും മറുപടിയില്ല. ആദ്യ പാദത്തിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നാണ് കോച്ച് മല്‍സരത്തിന് മുമ്പ് പറഞ്ഞത്. സാന്‍ സിറോയില്‍ ആവേശപ്പോരാട്ടം കാണാന്‍ ആയിരങ്ങളുമെത്തി. ബഫണും സംഘവും ആദ്യ വിസില്‍ മുതല്‍ ആക്രമണ ഫുട്‌ബോളിന്റെ ശക്തി കാട്ടി. പക്ഷേ അവസരങ്ങളുടെ തുലാവര്‍ഷത്തിലും പന്തിനെ ഗോള്‍വലയത്തിലേക്ക് എത്തിക്കാന്‍ ആര്‍ക്കുമായില്ല. ലോക ഫുട്‌ബോളിന് സുപരിചിതരായവരാണ് ബഫണ്‍ സംഘത്തില്‍ ഇറങ്ങിയതെല്ലാം. ബര്‍സാഗിയും ബൊനുച്ചിയും ചെലീനിയും ബെലോട്ടിയുമെല്ലാം. ക്ലബ് ഫുട്‌ബോളില്‍ ഗോള്‍ വേട്ട നടത്തുന്ന ഇവരെല്ലാം ആഞ്ഞ് പിടിച്ചിരുന്നു. പക്ഷേ സ്വീഡന്‍ സ്വീകരിച്ച തന്ത്രം മാന്‍ ടു മാന്‍ മാര്‍ക്കിംഗായിരുന്നു. ആരെയും വെറുതെ വിട്ടില്ല. ഒന്നാം പകുതിയില്‍ ഇറ്റലിക്കാര്‍ സ്വീഡിഷ് ബോക്‌സില്‍ തന്നെയായിരുന്നു. പക്ഷേ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് അപകടകരമായി പിറന്നത്. അതാവട്ടെ ഗോള്‍ക്കീപ്പറുടെ കരങ്ങളിലൊതുങ്ങി. രണ്ടാം പകുതിയില്‍ സ്വീഡിഷ് പ്രതിരോധത്തില്‍ ആറ് പേരായിരുന്നു. അവര്‍ നെഞ്ച് വിരിച്ചങ്ങ് നിന്നപ്പോള്‍ ബെലോട്ടിയെ ഇറക്കിയിട്ടും കാര്യമുണ്ടായില്ല.