കോഴിക്കോട്: 1000, 500 ഇന്ത്യന്‍ കറന്‍സികള്‍ അസാധുവാക്കിയത് പ്രവാസി ഇന്ത്യക്കാരെയും വിഷമവൃത്തത്തിലാക്കി. കാല്‍ ലക്ഷം രൂപവരെ വിദേശത്തേക്ക് പോകുമ്പോള്‍ കൊണ്ടുപോകാമെന്നാണ് നിലവിലെ വ്യവസ്ഥ. പലരും ഇത്തരത്തില്‍ ഇന്ത്യന്‍ രൂപ കയ്യില്‍ കരുതാറുമുണ്ട്. നാട്ടിലേക്ക് പോകുമ്പോള്‍ ഉപയോഗിക്കാം എന്നതിന് പുറമെ ആവശ്യം വന്നാല്‍ വിദേശത്തെ ഇന്ത്യന്‍ ബാങ്കുകളിലും മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളിലും രൂപ മാറാനുള്ള സാഹചര്യവുമുണ്ടായിരുന്നു.
ഡിസംബര്‍ 30 വരെ രാജ്യത്തെവിടെയും നോട്ടുകള്‍ മാറ്റിയെടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും പറയുന്നത്. എന്നാല്‍, വിദേശത്തെ ഒരു ധനകാര്യ സ്ഥാപനവും അസാധുവായ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനോ മാറ്റി നല്‍കാനോ കൂട്ടാക്കുന്നില്ല. ഇതുമൂലം നോട്ടുകള്‍ അസാധുവാക്കിയതോടെ കയ്യില്‍ കരുതിയ 1000, 500 രൂപ നോട്ടുള്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് പ്രവാസി ഇന്ത്യക്കാര്‍. പ്രത്യേഗിച്ചും ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍. വിദേശത്തേക്ക് കൊണ്ടുപോയി കൈവശം വെക്കാവുന്ന പരിധി 25000 രൂപയാണെങ്കിലും ഇതിലും ചെറിയ തുകയാണ് പരുടെയും കൈവശമുള്ളത്. സൂക്ഷിക്കാനുള്ള സൗകര്യാര്‍ത്ഥം അതിലേറെയും 500, 1000 രൂപ നോട്ടുകളാണു താനും. ലക്ഷക്കണക്കിന് പ്രവാസികളുടെ കൈവശമായി നിയമ വിധേയമായി കൊണ്ടു പോയതും കരുതല്‍ ധനമായി സൂക്ഷിച്ചതുമായ കോടികളാണുള്ളത്.
ഡിസംബര്‍ 30നകം നാട്ടില്‍ വരാത്തവര്‍ക്ക് ഇവ മാറ്റി എടുക്കാന്‍ ഇന്ത്യയിലേക്ക് വരുന്നവരുടെ കൈവശം കൊടുത്തയക്കാമെങ്കിലും പൊല്ലാപ്പോര്‍ത്ത് പലരും അതിന് തയ്യാറാവില്ല. വിദേശ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ എമ്പസി വഴിയോ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനോ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ അവസരമൊരുക്കുകയാണ് പരിഹാരം. പക്ഷെ, രാജ്യത്തിന് സാമ്പത്തിക അടിത്തറയൊരുക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ഭരണകൂടത്തിന് ഇക്കാര്യത്തിലും ശ്രദ്ധയൊന്നുമില്ല.