X

അസാധു നോട്ടുകള്‍ കൈവശം വെക്കുന്നത് ക്രിമിനല്‍ കുറ്റം

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് പ്രകാരം അസാധുവായ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 10ല്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെക്കുന്നത് നാലു വര്‍ഷം വരെ തടവും കുറഞ്ഞത് അമ്പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ആര്‍.ബി.ഐ ആക്ട് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
പഴയ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചേല്‍പ്പിക്കാനുള്ള കാലാവധി തീര്‍ന്ന ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരിക. അതേസമയം, ബാങ്കുകളില്‍ നോട്ട് നിക്ഷേപിക്കാന്‍ അനുവദിച്ച ഡിസംബര്‍ 30 ആണോ അതല്ല, റിസര്‍വ് ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ അനുവദിച്ച മാര്‍ച്ച് 31 ആണോ ക്രിമിനല്‍ കുറ്റമാകുന്നതിന്റെ സമയപരിധിയെന്ന് വ്യക്തമല്ല.
ഓര്‍ഡിനന്‍സ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തിനായി അയച്ചു.

ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ഇപ്രകാരം;
10 അസാധു നോട്ടുകള്‍ മാത്രമേ ഒരാള്‍ക്ക് കൈവശം വെക്കാനാകൂ.
വിദേശത്തായിരുന്നതിനാലോ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലത്തായിരുന്നതിനാലോ നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയാത്തവര്‍, സൈനിക സേവനം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഇളവ്
ജയില്‍ ശിക്ഷ എത്രയെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല.
കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടിയോ അമ്പതിനായിരം രൂപയോ അല്ലെങ്കില്‍ ഏതാണോ കൂടുതല്‍ അതാകും പിഴ.
1978ല്‍ നോട്ട് അസാധുവായ വേളയില്‍ മൊറാര്‍ജി ദേശായി സര്‍ക്കാറും സമാന ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. അന്ന് ആയിരം, അയ്യായിരം, പതിനായിരം നോട്ടുകളാണ് വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
നവംബര്‍ എട്ടിനാണ് മോദി സര്‍ക്കാര്‍ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. ഡിസംബര്‍ 30 വരെയാണ് പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്.
മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് ശാഖകളില്‍ നോട്ട് തിരിച്ചേല്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. 15.4 ലക്ഷം കോടി മൂല്യം വരുന്ന കറന്‍സിയില്‍ ഇതുവരെ ബാങ്കുകളില്‍ 14 ലക്ഷം കോടി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
അതിനിടെ, പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവസരം എടുത്തു കളഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ വാഗ്ദാന ലംഘനങ്ങളുടെ പട്ടികയിലേക്ക് ഇതുകൂടി ചേര്‍ക്കപ്പെടും.
പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട അമ്പത് ദിവസം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

chandrika: