മന്ത്രി തോമസ് ചാണ്ടി രാജിവെച്ചതിന്റെ ഖ്യാതിയെ ചൊല്ലി സി.പി.എം-സി.പി.ഐ തര്‍ക്കം മുറുകുകയാണ്. രാജിയുടെ ക്രെഡിറ്റ് വേണ്ടെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ നയം വ്യക്തമാക്കിയിരുന്നു. അതില്‍ സംതൃപ്തരല്ല സി.പി.എമ്മെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പത്രസമ്മേളനം. തങ്ങളുടെ നിലപാട് മൂലമാണ് തോമസ്ചാണ്ടി രാജിവെച്ചതെന്ന ഖ്യാതി തട്ടിയെടുക്കാന്‍ സി.പി.ഐ ശ്രമിച്ചുവെന്നാണ് കോടിയേരിയുടെ വാദം. ഇടതു സര്‍ക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന കോടതിയുടെ വിധി പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഇതിന് തൊട്ടുപിന്നാലെയാണ്. കോടിയേരിയും കാനവും കോടതിയുമെല്ലാം പറയുന്നത് ഒരേ കാര്യമാണ്. ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികള്‍ തന്നെ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് പരിതപിക്കുന്ന സ്ഥിതി ഇടതുമുന്നണി രൂപം കൊണ്ട ശേഷം ഇതാദ്യമാണ്.
അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രിയും അസാധാരണമായ സാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് സി.പി.ഐയും പറയുമ്പോള്‍ അനിതര സാധാരണ സംഭവങ്ങള്‍ തന്നെയാണ് ഇടതുമുന്നണിയില്‍ സംഭവിക്കുന്നത്. മന്ത്രിസഭയില്‍ നിന്നും സി.പി.ഐ വിട്ടുനിന്നിരുന്നില്ലെങ്കില്‍ തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം. എന്നാല്‍ മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിധം സി.പി.ഐയെ പ്രകോപിപ്പിച്ചത് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല. നിരവധി വിഷയങ്ങളുടെ തുടര്‍ച്ചയില്‍ രൂപംകൊണ്ട അസ്വാഭാവിക രാഷ്ട്രീയമാണ് സി.പി.ഐയെ കടുത്ത നടപടിയിലേക്ക് കൊണ്ടെത്തിച്ചതെന്ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതലുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തോമസ് ചാണ്ടി വിഷയത്തില്‍ മുന്നണി മര്യാദ സി.പി.ഐ പാലിച്ചില്ലെന്നാണ് സി.പി.എം പറയുന്നത്. നേരെ തിരിച്ചാണ് സംഭവിച്ചതെന്ന് സി.പി.ഐയും പറയുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് ശിപാര്‍ശ സഹിതം മുഖ്യമന്ത്രിക്ക് നല്‍കിയത് റവന്യൂ മന്ത്രിയാണ്. റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം ലഭിച്ചിട്ടും ഇത് റവന്യു മന്ത്രിക്ക് ഇനിയും മുഖ്യമന്ത്രി നല്‍കിയിട്ടില്ല. സി.പി.ഐക്ക് വേണ്ടി ഇന്നലെ കോടിയേരിക്ക് മറുപടി പറഞ്ഞ പ്രകാശ് ബാബുവാണ് ഈ ആരോപണം ഉന്നയിച്ചത്. മുന്നണി മര്യാദയനുസരിച്ച് ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതായിരുന്നില്ല. വാക്‌പോര് ഇപ്പോഴത്തെ നിലയില്‍ കെട്ടടങ്ങാനുള്ള സാധ്യത വിരളമാണ്. സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ അഭിപ്രായപ്പെട്ടുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ അകലം കൂടിവരികയും വിയോജിപ്പുകള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്യുമ്പോഴും അടുത്ത മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ എത്തുമെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. വാചക കസര്‍ത്തിനപ്പുറം പോയി നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ അധികാരം ഇച്ഛിക്കുന്ന സി.പി.ഐക്ക് സാധിക്കില്ലെന്ന സി.പി.എമ്മിന്റെ മനോഭാവമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും വാക്കുകളിലുള്ളത്. കോട്ടങ്ങളെല്ലാം സി.പി.എമ്മിനും നേട്ടങ്ങളെല്ലാം സി.പി.ഐക്കുമെന്ന രീതി ശരിയല്ലെന്നത് സി.പി.ഐക്കുള്ള കൃത്യമായ താക്കീതാണ്. കളമറിഞ്ഞ് വേണം കളിക്കാനെന്ന തിട്ടൂരമാണ് സി.പി.എമ്മിന്റേത്. ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തവിധം സി.പി.ഐയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയെന്ന തന്ത്രമാണ് സി.പി.എം ഇപ്പോള്‍ സ്വീകരിക്കുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി തവണ വിഭിന്ന സ്വരം സി.പി.ഐ ഉയര്‍ത്തിയിരുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, ലോ അക്കാദമി സമരം, മൂന്നാര്‍ ഒഴിപ്പിക്കല്‍, അതിരപ്പിള്ളി പദ്ധതി തുടങ്ങി നിരവധി വിഷയങ്ങളില്‍ ജനകീയ പരിവേഷം സൃഷ്ടിക്കാനാണ് സി.പി.ഐ ശ്രമിച്ചത്. സര്‍ക്കാറിനെ നയിക്കുന്ന സി.പി.എം തെറ്റായ നിലപാട് സ്വീകരിക്കുമ്പോഴൊക്കെ പ്രതിപക്ഷമായി സ്വയം അവരോധിക്കുകയും അധികാരത്തില്‍ തുടരാന്‍ വിട്ടുവീഴ്ച ചെയ്യുകയുമെന്ന രാഷ്ട്രീയ നാടകമാണ് സി.പി.ഐ സ്വീകരിച്ചുവന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ആദ്യമായാണ് കടുത്ത നടപടിയിലേക്ക് സി.പി.ഐ പ്രവേശിച്ചത്. മന്ത്രിസഭയില്‍ നിന്നും വിട്ടുനിന്നുള്ള പ്രതിഷേധ രീതി വിജയിക്കുകയും ചെയ്തു. സി.പി.ഐ ക്രെഡിറ്റ് അവകാശപ്പെട്ടാലും ഇല്ലെങ്കിലും തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നിലെ കാരണം സി.പി.ഐയുടെ കടുംപിടിത്തം തന്നെയെന്നാണ് രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളം മനസ്സിലാക്കുന്നത്. ഇതിലൂടെ സി.പി.എമ്മിനേറ്റ പ്രഹരം ചെറുതല്ല. സി.പി.എമ്മിന്റെ തന്‍പ്രമാണത്തത്തിന് മുന്നണിയില്‍ നിന്ന് ലഭിച്ച കനത്ത തിരിച്ചടിയെ സി.പി.എം എങ്ങനെ പ്രതിരോധിക്കുമെന്ന് കാലമാണ് മറുപടി പറയേണ്ടത്.
രണ്ട് പാര്‍ട്ടികള്‍ വിഭിന്ന ധ്രുവങ്ങളില്‍ നിന്ന് ഒരു സര്‍ക്കാരിനെ നയിക്കുന്ന അസാധാരണ കാഴ്ചക്ക് കേരളമാണ് വലിയ വില നല്‍കേണ്ടിവരിക. മുന്നണി മര്യാദക്കപ്പുറം ഒരു സര്‍ക്കാറിന്റെ നയ രൂപീകരണത്തില്‍ മന്ത്രിസഭയിലുണ്ടാകേണ്ട ഐക്യത്തെക്കുറിച്ച് ആകുലപ്പെടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തര്‍ക്കവിതര്‍ക്കങ്ങളുടെ പുതിയ വാതായനങ്ങള്‍ കണ്ടെത്തുന്ന മന്ത്രിസഭാ അംഗങ്ങള്‍ നാടിനെ സംബന്ധിച്ച് ബാധ്യതയായി മാറും. മൂന്നര വര്‍ഷത്തെ കൂടി കാലാവധിയുള്ള മന്ത്രിസഭയില്‍ അനൈക്യത്തിന്റെ വലിയ ശബ്ദകോലാഹലങ്ങളാണ് ഉയരുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നര വര്‍ഷത്തിനിടെ മൂന്ന് മന്ത്രിമാര്‍ക്ക് രാജിവെച്ചൊഴിയേണ്ടി വന്ന സാഹചര്യം ഇതിനൊപ്പമുണ്ട്. ഭരണ പരാജയം ഒരുവശത്ത് സര്‍ക്കാറിനെ കുഴക്കുന്നു. മറുവശത്ത് തമ്മില്‍ തല്ലും. സി.പി.എമ്മിന്റേയോ സി.പി.ഐയുടേയോ പാര്‍ട്ടികാര്യമല്ല കേരളത്തിന്റെ ഭരണമെന്ന ബോധ്യം ഇടതു നേതാക്കള്‍ക്കുണ്ടാവുക തന്നെ വേണം. കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ക്ക് വിധേയനായ ഒരു മന്ത്രിയുടെ രാജി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണ്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ അതു മറന്നുപോയതാണ് ഇപ്പോഴത്തെ ഈ തര്‍ക്കങ്ങള്‍ക്കെല്ലാം നിദാനം. പരസ്പരം പോരടിക്കുന്നവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ആര്‍ജവത്തോടെ തീരുമാനമെടുക്കാനുള്ള ഇച്ഛാശക്തി കൂടി കാട്ടണം. രണ്ട് തെറ്റുകള്‍ ഏറ്റുമുട്ടുമ്പോള്‍, തെറ്റിനെയല്ല, ശരിയെ തേടി തന്നെ കാലം യാത്ര ചെയ്യുമെന്ന ബോധ്യം സാധാരണഗതിയില്‍ ആര്‍ക്കും ഉണ്ടാകേണ്ടതാണ്.
- 7 years ago
chandrika
Categories:
Video Stories
അസാധാരണ കാഴ്ചക്ക് വില നല്‍കേണ്ടത് ജനം
Tags: editorial