കോക്‌സ് ബസാര്‍: മ്യന്മാറിന്റെ അതിര്‍ത്തിയില്‍നിന്ന് ഏറെ അകലെയല്ല ബംഗ്ലാദേശിലെ റോഹിന്‍ഗ്യ മുസ്്‌ലിം അഭയാര്‍ത്ഥി ക്യാമ്പുകള്‍. ദൂരെനിന്ന് നോക്കുമ്പോള്‍ തീജ്വാലകള്‍ പോലെ തോന്നും. അടുത്തെത്തുമ്പോഴാണ് ഓറഞ്ച് നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരകളാണ് അവയെന്ന് നമുക്ക് മനസ്സിലാകുക. റോഹന്‍ഗ്യ മുസ്്‌ലിംകള്‍ തമ്പടിച്ചിരിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളെല്ലാം അടുത്തടുത്താണ്. അവിടേക്കുള്ള റോഡില്‍ എപ്പോഴും തിരക്കാണ്. റിലീഫ് വാഹനങ്ങളും ഓട്ടോ റിക്ഷകളും ബസുകളും മനുഷ്യരുമായി റോഡ് സ്തംഭിച്ചിരിക്കുന്നു.
റോഡരികില്‍ കുട്ടികളുമായി നില്‍ക്കുന്ന സ്ത്രീകള്‍. നിങ്ങള്‍ എപ്പോള്‍ വന്നുവെന്ന ചോദ്യത്തിന് ഇന്ന് എന്നായിരുന്നു മറുപടി. മ്യാന്മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് കടന്നെങ്കിലും ഇനി എവിടേക്ക് പോകണമെന്ന് അവര്‍ക്ക് ഒരു പിടിയുമില്ല. അവരില്‍ ഒരാളാണ് നാല്‍പതുകാരിയായ ബീഗം സാജിത. അവരുടെ മൂത്ത കുട്ടിക്ക് 10 വയസ്സാണ് പ്രായം. ഹിജാബിന്റെ വിടവിലൂടെ ആ കണ്ണുകളിലെ പരിഭ്രാന്തി വ്യക്തമായി കാണാം. സൈനികരുടെ വെടിയേറ്റ് ഭര്‍ത്താവ് പിടഞ്ഞു മരിക്കുന്നത് കണ്ട് നാലു ദിവസം മുമ്പാണ് സാജിത റാഖൈന്‍ സ്റ്റേറ്റില്‍നിന്ന് കുട്ടികളുമായി ഓടിപ്പോന്നത്. സാജിതക്കു തൊട്ടടുത്തു തന്നെയാണ് അന്‍വറ ബീഗത്തേയും കണ്ടത്.
ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ മടിയില്‍ കിടത്തി ഇരിക്കുന്ന അന്‍വറയുടെ പിതാവും വെടിയേറ്റ് മരിക്കുകയായിരുന്നു. നാല്‍പതുകാരനായ മുഹമ്മദ് കാസിം ഇനിയും ഞെട്ടലില്‍നിന്ന് മുക്തനായിട്ടില്ല. അദ്ദേഹത്തിന്റെ മകളെ മ്യാന്മര്‍ പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അലറി നിലവിളിച്ച മകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ചുട്ടുപഴുത്ത കത്തികൊണ്ട് അക്രമികള്‍ അദ്ദേഹത്തിന്റെ തുടയില്‍ പൊള്ളലേല്‍പ്പിച്ചു. ഭാര്യക്കും മറ്റു മക്കള്‍ക്കും എന്തു സംഭവിച്ചുവെന്ന് കാസിമിന് അറിയില്ല. റാഖൈനില്‍ അദ്ദേഹത്തിന് സ്വന്തമായി വീടും കാറുമുണ്ട്. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഭാര്യയേയും മക്കളേയും ജീവിതത്തില്‍ കാണാന്‍ പറ്റുമോ എന്നുപോലും അദ്ദേഹത്തിന് അറിയില്ല. അഭയാര്‍ത്ഥി ക്യാമ്പുകളിലെല്ലാം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേയും പിതാവ് ഷെയ്ഖ് മുജീബുറഹ്മാന്റെയും ചിത്രങ്ങളുള്ള കൂറ്റന്‍ ബാനറുകളുണ്ട്. ആഗസ്റ്റ് 25ന് മ്യാന്മര്‍ സേന ആക്രമണം തുടങ്ങിയ ശേഷം അഞ്ചു ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ട്. ഓരോ ദിവസവും കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുന്നു. അഭയം ചോദിച്ചെത്തിയ റോഹിന്‍ഗ്യ മുസ്്‌ലിംകളെ കൈവിടില്ലെന്നാണ് ബംഗ്ലാദേശുകാര്‍ പറയുന്നത്. അന്താരാഷ്ട്ര സഹായം കൂടുതല്‍ എത്തിയിട്ടില്ലെങ്കിലും ഭക്ഷണവും വസ്ത്രവുമായി ബംഗ്ലാദേശിലെ സന്നദ്ധ സംഘടനകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സജീവമാണ്.
കടപ്പാട്: എന്‍ഡിടിവി