X

അഴിമതി: നെതന്യാഹുവിനെ ചോദ്യംചെയ്തു

തെല്‍അവീവ്: അഴിമതിക്കേസില്‍ കുടുങ്ങിയ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പൊലീസ് മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തു. സമ്പന്നരമായ വ്യവസായികളില്‍നിന്നും മറ്റും നിയമവിരുദ്ധമായി സമ്മാനങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് നെതന്യാഹുവിനെതിരെയുള്ള കേസ്. ജറൂസലമിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍.

അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള പ്രാഥമിക തെളിവുകള്‍ പൊലീസിന് ലഭിച്ചതായി അറിയുന്നു. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തനിക്കെതിരായ ആരോപണം നെതന്യാഹു നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായ അഴിമതി ആരോപണമാണ് ഇതെന്നും എതിരാളികള്‍ ‘ആഘോഷങ്ങള്‍’ നിര്‍ത്തമെന്നും ചോദ്യംചെയ്യലിനു മുമ്പ് അദ്ദേഹം പറഞ്ഞു. ആരോപണമുന്നയിച്ചവര്‍ നിരാശരാകേണ്ടിവരും. പതിവുപോലെ ഇത്തവണയും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല-നെതന്യാഹു വ്യക്തമക്കി.

കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ അദ്ദേഹത്തിന്റെ ഭാര്യ സാറയെയും പൊലീസ് ചോദ്യംചെയ്തിരുന്നു. പൊലീസിന്റെ അഴിമതി വിരുദ്ധ യൂണിറ്റാണ് പ്രധാനമന്ത്രിയെ ചോദ്യംചെയ്തത്. ഇസ്രാഈലികളും വിദേശികളുമായ സമ്പന്നര്‍ നെതന്യാഹുവിന് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

വേറെയും ചില ആരോപങ്ങള്‍ അദ്ദേഹത്തിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാനാണ് അറ്റോര്‍ണി ജനറലിന്റെ തീരുമാനമെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ പറയുന്നു. എട്ടു മാസത്തോളം രഹസ്യമായി അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് നെതന്യാഹുവിനെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. പല വിദേശ കമ്പനികളില്‍നിന്നും ലക്ഷക്കണക്കിന് ഡോളര്‍ സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് നേരത്തെ സമ്മതിച്ചിട്ടുണ്ട്. ഒരു ജര്‍മന്‍ കമ്പനിയില്‍നിന്ന് അന്തര്‍വാഹിനികള്‍ വാങ്ങിയതിലും അഴിമതിയുണ്ടെന്നാണ് മാധ്യമങ്ങള്‍ ആരോപിക്കുന്നു. അഴിമതിക്കേസുകള്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.

chandrika: