ന്യൂയോര്‍ക്ക്്: അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സിറിയയിലെ അലപ്പോ നഗരം അധികം വൈകാതെ ഭീമന്‍ ശ്മശാനമാകുമെന്ന് യു.എന്‍ സമാധാന ദൂതന്‍ സ്റ്റീഫന്‍ ഒബ്രിയെന്‍ മുന്നറിയിപ്പുനല്‍കി. മനുഷ്യത്വം പരിഗണിച്ച് അലപ്പോയിലെ സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് യു.എന്‍ രക്ഷാസമിതിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
രൂക്ഷപോരാട്ടം തുടരുന്ന അലപ്പോയില്‍നിന്ന് സിവിലിയന്‍ പലായനം ശക്തമായട്ടുണ്ട്. വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ അലപ്പോ സിറിയന്‍ സേന പിടിച്ചെടുത്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണെന്ന് യു.എന്‍ വൃത്തങ്ങള്‍ പറയുന്നു. സിറിയന്‍ ഭരണകൂടത്തിന്റെയും വിമതരുടെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ബുധനാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ മാത്രം 34 പേര്‍ കൊല്ലപ്പെട്ടു.
ഒരാഴ്ചക്കിടെ കിഴക്കന്‍ മേഖലയുടെ മൂന്നിലൊന്നും സൈന്യം തിരിച്ചുപിടിച്ചുകഴിഞ്ഞു. ഫ്രാന്‍സിന്റെ അഭ്യര്‍ത്ഥനപ്രകാരം വിളിച്ചുകൂട്ടിയ അടിയന്തര രക്ഷാസമിതി യോഗത്തില്‍ സംസാരിച്ച ഒബ്രിയെന്‍ സിറിയയിലെ സ്ഥിതിഗതികളില്‍ ആശങ്കപ്രകടിപ്പിച്ചു. ആക്രമണം ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ വിമതര്‍ തടഞ്ഞുവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിമത പോരാളികള്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
യുദ്ധഭൂമിയില്‍നിന്ന് ശൂന്യമായ കൈകളോടെ അയല്‍പ്രദേശങ്ങളിലെത്തുന്ന സാധാരണക്കാര്‍ക്ക് സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഏക ആശ്രയം. വിമതരില്‍നിന്ന് സിറിയന്‍ സേന പിടിച്ചടുത്ത പ്രദേശങ്ങളിലേക്ക് സഹായവുമായി പോകുന്ന വാഹനവ്യൂഹങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് റഷ്യന്‍ സേന അറിയിച്ചു.
കിഴക്കന്‍ മേഖലയില്‍ 90,000ത്തിലേറെ പേരുണ്ടെന്നാണ് കണക്ക്. റഷ്യന്‍ സഹായവാഗ്ദാനം സ്വീകരിക്കാന്‍ ഐക്യരാഷ്ട്രസഭ തയാറായിട്ടില്ല.