മോസ്‌കോ/ദമസ്‌കസ്: സിറിയയിലെ അലപ്പോയില്‍ വിമതര്‍ പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കവേ റഷ്യയും അമേരിക്കയും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റ്യബ്‌കോവാണ് വിവരം പുറത്തുവിട്ടത്. കുറച്ചു ദിവസമായി അലപ്പോയിലെ സ്ഥിതിഗതികളെക്കുറിച്ച് അമേരിക്കയും റഷ്യയും ചര്‍ച്ചയിലാണ്. വരുംദിവസങ്ങളില്‍ ധാരണയിലെത്താന്‍ സാധിക്കും. എന്നാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് റ്യബ്‌കോവ് മുന്നറിയിപ്പുനല്‍കി.
അലപ്പോ പൂര്‍ണമായും സൈന്യത്തിന്റെ കൈകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ വിമത പോരാളികള്‍ക്ക് പ്രദേശം വിടാന്‍ സുരക്ഷിത പാത ഒരുക്കുന്ന കാര്യം മാത്രമാണ് അജണ്ടയിലുള്ളതെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ സാധ്യത റഷ്യയും സിറിയയും പൂര്‍ണമായും തള്ളിയിരിക്കുകയാണ്. ഹംബര്‍ഗില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും യു.എസ് സ്‌റ്റേറ്റ് സെക്രട്ടി ജോണ്‍ കെറിയും ഇന്നലെ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. അലപ്പോയുടെ ചരിത്രപ്രധാന ഹൃദയഭൂമിയായ ഓള്‍ഡ് സിറ്റിയില്‍നിന്ന് വിതര്‍ പിന്മാറിയിട്ടുണ്ട്. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സേന നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ബാബുല്‍ നയ്‌റബ്, അല്‍ മആദി, സാല്‍ഹി തുടങ്ങിയ പ്രദേശങ്ങള്‍ കീഴടക്കി സിറിയന്‍ സേന വീണ്ടും വലിയ മുന്നേറ്റങ്ങള്‍ നടത്തി. വിമത പോരാളികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സൗകര്യം നല്‍കാമെന്ന് റഷ്യ ഉറപ്പുകൊടുത്തിട്ടുണ്ട്. പോരാട്ടം തുടരാന്‍ തന്നെയാണ് വിമതരില്‍ ചിലരുടെ തീരുമാനം. അവരെ ഭീകരവാദികളായി പരിഗണിച്ച് കൈകാര്യം ചെയ്യാനാണ് സിറിയയുടെയും റഷ്യയുടെയും തീരുമാനം.
അലപ്പോയില്‍ വിജയം തങ്ങള്‍ക്കാകുമെങ്കിലും സിറിയന്‍ യുദ്ധം അതോടെ അവസാനിക്കില്ലെന്നും ലക്ഷ്യത്തിലേക്കുള്ള വലിയ കാല്‍വെപ്പാണ് അതെന്നും അല്‍ വതന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അസദ് പറഞ്ഞു. വിമത കേന്ദ്രങ്ങളില്‍ സിറിയന്‍ സേന വ്യോമാക്രമണവും ഷെല്‍വര്‍ഷവും തുടരുകയാണ്. ബുധനാഴ്ച 61 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റവും അടിയന്തര ചികിത്സ ആവശ്യമുള്ളവരുമായ 150 സിവിലിയന്മാരെ ബുധനാഴ്ച രാത്രി അന്താരാഷ്ട്ര റെഡ്‌ക്രോസ് ഒഴിപ്പിച്ചു.