അഭയാര്‍ത്ഥി ബോട്ട് മുങ്ങി 10 കുട്ടികളടക്കം 83 മരണം
ധാക്ക: മ്യാന്മറിലെ റാഖൈന്‍ സ്‌റ്റേറ്റില്‍ സൈനികരുടെയും ബുദ്ധതീവ്രവാദികളുടെയും ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിന്‍ഗ്യ മുസ്്‌ലിം അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 10 കുട്ടികളടക്കം 83 പേര്‍ മരിച്ചു. ഇവര്‍ കയറിയ ബോട്ട് കടലില്‍ ഏതോ വസ്തുവില്‍ ഇടിച്ച് തകരുകയായിരുന്നു.
തീരത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങളും തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളും പിന്നീട് തീരത്ത് അടിഞ്ഞു. തങ്ങളുടെ കണ്‍മുന്നില്‍ വെച്ചാണ് കുട്ടികളും സ്ത്രീകളും മുങ്ങിമരിച്ചതെന്ന് ദൃക്‌സാക്ഷിയായ മുഹമ്മദ് സൊഹല്‍ പറഞ്ഞു. ബംഗ്ലാദേശിലേക്ക് കടല്‍ മാര്‍ഗം കടക്കാന്‍ ശ്രമിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ബോട്ടപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.
ആഗസ്റ്റില്‍ റാഖൈനില്‍ സൈനിക നടപടി തുടങ്ങിയ ശേഷം 120 പേര്‍ കടലില്‍ മുങ്ങി മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.