സ്പിന്നര്‍മാരുടെ തട്ടകമാണ് എക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റ്… പുകള്‍പെറ്റ എത്രയോ സ്പിന്നര്‍മാര്‍. അവര്‍ക്കൊന്നും ലഭിക്കാത്ത അംഗീകാരമാണിപ്പോള്‍ രവിചന്ദ്രന്‍ അശ്വിനെ തേടിയെത്തിയിരിക്കുന്നത്. ഒന്നല്ല രണ്ട് വലിയ പുരസ്‌ക്കാരങ്ങള്‍ ഒരുമിച്ച് വന്നിരിക്കുന്നു. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിയും ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിയും. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും മാത്രമാണ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ഇതിന് മുമ്പ് നേടിയിട്ടുളള നമ്മുടെ താരങ്ങള്‍ എന്ന് വരുമ്പോള്‍ തന്നെയറിയം ഈ അംഗീകാരത്തിന്റെ മഹത്വം. കപില്‍ദേവ് ഉള്‍പ്പെടെ ഉന്നതരായ പല ബൗളര്‍മാരും രാജ്യത്തിന്റെ കുപ്പായമിട്ടിട്ടുണ്ട്. ബി.എസ് ചന്ദ്രശേഖര്‍,സുഭാഷ് ഗുപ്ത, വെങ്കട്ടരാഘവന്‍, ഏരപ്പള്ളി പ്രസന്ന, ബിഷന്‍ സിംഗ് ബേദി, ഇപ്പോഴത്തെ പരിശീലകന്‍ അനില്‍ കുംബ്ലെ, വെങ്കടപതി രാജു, രാജേഷ് ചൗഹാന്‍, ഹര്‍ഭജന്‍സിംഗ്, പ്രഗ്യാന്‍ ഒജ തുടങ്ങി എത്രയോ പേര്‍. ഇവരെല്ലാം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ സജീവതയായിരുന്നു. അവര്‍ക്കായി നമ്മള്‍ കുഴിച്ച സ്പിന്‍ ട്രാക്കുകളില്‍ വിദേശികള്‍ പലരും മുഖമടച്ച് വീണിട്ടുണ്ട്. ഇവരില്‍ നിന്നും അശ്വിനുളള മാറ്റമെന്തെന്ന് ചോദിച്ചാല്‍ പ്രത്യേക ഉത്തരമൊന്നുമില്ല. പക്ഷേ ഈ തമിഴ്‌നാട്ടുകാരന്‍ സമര്‍പ്പണമുളള കഠിനാദ്ധ്വാനിയാണ്. പല വേളകളിലും ബാറ്റ്‌സ്മാന്മാരാല്‍ ശിക്ഷിക്കപ്പെട്ടിട്ടും പലരും വിമര്‍ശനം ചൊരിഞ്ഞിട്ടും അവര്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ നല്ല ടീം മാനായി നില്‍ക്കുന്നു. നല്ല ഓള്‍റൗണ്ടറാണ് അശ്വിന്‍. പക്ഷേ ആ അവകാശ വാദം എവിടെയും അദ്ദേഹം ഉന്നയിക്കുന്നില്ല. നാല് ടെസ്റ്റ് സെഞ്ച്വറികളെന്നതിനേക്കാള്‍ അദ്ദേഹത്തിനിഷ് ം തന്റെ ബൗളിംഗ് മാത്രമാണ്. ശക്തമായ ഓഫ് സ്പിന്നും ആം ബോളും അശ്വിന്റെ വജ്രായുധങ്ങളാണ്. ഓഫ് ബ്രേക്കാണെങ്കിലും ആം ബോളാണെങ്കിലും കാരം ബോളാണെങ്കിലും അത് സമര്‍ത്ഥമായി പായിക്കാന്‍ അദ്ദേഹം മിടുക്ക് പ്രകടിപ്പിക്കുന്നു. ഒരു പന്തില്‍ സിക്‌സര്‍ പിറന്നാല്‍ തല താഴ്ത്തുന്നില്ല അശ്വിന്‍. ടി-20 പോലെ ഫോര്‍മാറ്റില്‍ സ്പിന്നര്‍മാര്‍ അടി വാങ്ങാറുണ്ട്. പക്ഷേ അശ്വിനെ നോക്കുക-ബാറ്റ്‌സ്മാന്മാരുടെ കടന്നാക്രമണത്തിലും തന്റെ പരീക്ഷണങ്ങള്‍ അദ്ദേഹം തുടരും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റിലും അദ്ദേഹമായിരുന്നു ടീമിന്റെ കുന്തമുന. തുടര്‍ച്ചയായി എത്രയെത്ര ഓവറുകളാണ് എറിയുന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും മുന്നൂറോളം റണ്‍സും.
നമ്മുടെ മുന്‍കാല സ്പിന്നര്‍മാരെയെടുത്താല്‍ അവര്‍ക്കാര്‍ക്കും ഈ ഓള്‍റൗണ്ട് ഗുണമില്ല. ടെസ്റ്റില്‍ സ്പിന്നര്‍മാരെ നിയോഗിക്കുന്നത് പന്തേറിന് മാത്രമാണ്. പക്ഷേ അശ്വിനിലെ താരം ബൗളറും ബാറ്റ്‌സ്മാനും നല്ല ഫീല്‍ഡറുമാണ്. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റിലും ഉപയോഗിക്കാന്‍ കഴിയുന്ന ശക്തനായ താരം. ഹര്‍ഭജന്‍സിംഗിന്റെ പ്രഭാവം മങ്ങിയ 2012 കാലത്താണ് അശ്വിന്‍ രാജ്യാന്തര രംഗത്ത് കരുത്തനായത്. ഏത് ക്യാപ്റ്റന് കീഴിലും അച്ചടക്കമുള്ള പ്രകടനം. കോച്ചായി കുംബ്ലെയെ കിട്ടിയപ്പോള്‍ അശ്വിന്‍ വിസ്മയമാവുന്നു. മറ്റൊരു സ്പിന്നര്‍ക്കും ഇങ്ങനെയൊരു പോസീറ്റീവ് സ്പിന്‍ കോച്ചിനെ കിട്ടിയിട്ടില്ല. ബിഷന്‍ സിംഗ് ബേദി മുമ്പ് കോച്ചായപ്പോള്‍ അദ്ദേഹം എതിര്‍ത്തത് സ്വന്തം ടീമിലെ സ്പിന്നര്‍മാരെയായിരുന്നു. ടീമിനെ അറ്റ്‌ലാന്റിക്കില്‍ എറിയണമെന്ന് വരെ പറഞ്ഞിരുന്നു ബേദി. കുംബ്ലെയിലെ കോച്ച് എല്ലാവര്‍ക്കും അനുഭവമാണ് ഉപഹാരമായി നല്‍കുന്നത്. ആ കരുത്താണ് അശ്വിനെ കരുത്തനാക്കി മാറ്റുന്നത്.