X

അരിയില്ല; പകുതിയിലേറെ റേഷന്‍ കടകളും അടഞ്ഞു

പണത്തിന് പിന്നാലെ അരിക്കുവേണ്ടിയും ജനങ്ങളുടെ ഓട്ടം. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ റേഷന്‍ വിതരണം പൂര്‍ണമായും നിലച്ചു. ഇതുവരെയും അരി എത്തിയിട്ടില്ലാത്തതിനാല്‍ പകുതിയിലേറെ റേഷന്‍ കടകളും അടച്ചു. ഇതോടെ റേഷന്‍ ഭക്ഷ്യധാന്യങ്ങളെ മാത്രം ആശ്രയിക്കുന്ന പാവങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്.

പുതിയ നിയമമനുസരിച്ച് ഡീലര്‍മാരെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് എഫ്.സി.ഐയില്‍ ഭക്ഷ്യധാന്യത്തിനായി പണം അടയ്ക്കേണ്ടത്.ഇതെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെങ്കിലും ഇന്നലെ മുതല്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് പണമടച്ചു തുടങ്ങിയത്. തുടര്‍ന്ന് ഫുഡ് കോര്‍പ്പറേഷന്‍ റേഷനരി നല്‍കിതുടങ്ങിയെങ്കിലും ഇത് റേഷന്‍ കടകളില്‍ എത്തുവാന്‍ ഇനിയും വൈകും. നിലവില്‍ ഭക്ഷ്യധാന്യങ്ങളൊന്നുമില്ലാത്തതിനാല്‍ കുറച്ചു ദിവസങ്ങളായി റേഷന്‍ കടകള്‍ വെറുതെ തുറന്നിരിക്കുകയായിരുന്നു. അരി എത്തുവാന്‍ വൈകുമെന്നായതോടെ ഭൂരിപക്ഷം കടകളും അടച്ചു.

ആര്‍ക്കെല്ലാം റേഷന്‍ ലഭിക്കുമെന്ന ആശങ്കക്കൊപ്പം റേഷന്‍ കടകള്‍ അടക്കുകകൂടി ചെയ്തതോടെ സാധാരണക്കാര്‍ പരിഭ്രാന്തിയിലാണ്. റേഷന് അര്‍ഹതയുള്ളവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയതിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച്13.5 ലക്ഷം പരാതികളാണ് ലഭിച്ചത്. അവയിലൊന്നും തീര്‍പ്പ്കല്‍പ്പിച്ചിട്ടില്ല. തീരെ ദരിദ്രരായവരും നിത്യപട്ടിണിക്കാരും ഇപ്പോഴും മുന്‍ഗണനാ ലിസ്റ്റിന് പുറത്താണ്. 15 ലക്ഷം അനര്‍ഹര്‍ മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്ന ലിസ്റ്റ് പ്രകാരമാണ് ഇപ്പോള്‍ അരി നല്‍കാന്‍ തുടങ്ങുന്നത്.

മുന്‍ഗണാ ലിസ്റ്റിന് പുറത്തുള്ള 1.21 കോടി പേര്‍ക്ക് 2 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡിയോടെ ഭക്ഷ്യധാനം നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. രണ്ടു രൂപ നിരക്കിലുള്ള അരി നല്‍കേണ്ട ഗൂണഭോക്താക്കളുടെ ലിസ്റ്റ് റേഷന്‍ കടകളില്‍ ഒരാഴ്ചക്കകം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു പറയുന്നുണ്ടെങ്കിലും അതു സാധ്യമല്ലെന്ന് ഉറപ്പ്. കാരണം രണ്ടു രൂപ നിരക്കില്‍ അരി നല്‍കേണ്ട ആളുകളെ തിരഞ്ഞെടുക്കാന്‍ പുതിയ മാനദണ്ഡം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിശ്ചയിച്ചതെയുള്ളൂ.

മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ മുന്‍പു നിശ്ചയിച്ച ഘടകങ്ങള്‍ പ്രകാരം ഒരു മാര്‍ക്കെങ്കിലും ലഭിച്ചവര്‍, മാര്‍ക്ക് ലഭിച്ചില്ലെങ്കിലും അയോഗ്യത മാനദണ്ഡത്തില്‍ പെടാത്തവര്‍, 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് ഉണ്ടെന്ന ഏക കാരണത്താല്‍ അയോഗ്യരായവര്‍, നാലുചക്ര വാഹനമുണ്ട് എന്ന ഏക കാരണത്താല്‍ അയോഗ്യരായവര്‍ എന്നിവരെ ഉള്‍പ്പെടുത്തി, ആദ്യം വരുന്ന 1.21 കോടി പേരെ കണ്ടെത്തുന്നതിന് കഠിന പ്രയത്‌നം തന്നെ നടത്തേണ്ടിവരും.

chandrika: