കൊല്‍ക്കത്ത: മൂന്നാഴ്ച്ച പിന്നിട്ടിരിക്കുന്നു ഫിഫ അണ്ടര്‍ 17 ലോകകപ്പ്. ഇനി അവശേഷിക്കുന്നത് നാല് മല്‍സരങ്ങള്‍. നാളെ രണ്ട് സെമി ഫൈനലുകള്‍. വെള്ളിയാഴ്ച്ച ലൂസേഴ്‌സ് ഫൈനലും പിന്നെ ഫൈനലും. കിരീട പോരാട്ടത്തില്‍ ഇനി അവശേഷിക്കുന്നത് രണ്ട് യൂറോപ്യന്മാരും ഒന്ന് വീതം ലാറ്റിനമേരിക്കയും ആഫ്രിക്കയും. ഇറാന്‍ കൊച്ചിയില്‍ തകര്‍ന്ന് പുറത്തായതോടെ ഏഷ്യന്‍ പ്രാതിനിധ്യം ഇല്ലാതായി. അമേരിക്കയും മെക്‌സിക്കോയും ഹോണ്ടുറാസുമെല്ലാം തല താഴ്ത്തിയതോടെ അമേരിക്കന്‍ പ്രാതിനിധ്യമില്ല. ന്യൂസിലാന്‍ഡ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ ഓഷ്യാനയുടെ പ്രാതിനിധ്യവുമില്ല.
അവസാന നാലില്‍ തമ്മില്‍ഭേദം ആരാണ് എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങളില്‍ ഒന്നാമന്മാര്‍ മഞ്ഞപ്പടക്കാര്‍ തന്നെ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കെതിരെ കളിച്ചപ്പോള്‍ തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയിട്ടും അവര്‍ കരുത്തോടെ തിരിച്ചുവന്നു. ഏഴ് മിനുട്ടില്‍ രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് മല്‍സരം സ്വന്തമാക്കി. ബ്രസീലിന്റെ കരുത്ത് അവരുടെ മധ്യനിരയാണ്. മനോഹരമായി പാസുകള്‍ നല്‍കാനും പാസുകളെ കോര്‍ത്തിണക്കാനും അവര്‍ക്ക് കഴിയുന്നു. പൗലിഞ്ഞോയും ലിങ്കോണും തമ്മിലുള്ള ധാരണ തന്നെ ടീമിന്റെ വജ്രായുധം. കൊച്ചിയില്‍ ബ്രസീല്‍ കളിച്ച മല്‍സരങ്ങള്‍ തന്നെ ഉദാഹരണം-ഓരോ മല്‍സരം കഴിയും തോറും അവര്‍ മെച്ചപ്പെട്ട് വരുന്നു. നാളെ ഇംഗ്ലണ്ടുമായി കളിക്കുമ്പോള്‍ ബ്രസീലുകാര്‍ക്ക് തന്നെ വ്യക്തമായ മുന്‍ത്തൂക്കം.
ഇംഗ്ലീഷുകാര്‍ സ്വതന്ത്രമായി സ്‌ക്കോര്‍ ചെയ്യുന്നവരാണ്. നല്ല മുന്‍നിരക്കാരാണ് ടീമിനുള്ളത്. ഇതേ സ്വാതന്ത്ര്യത്തില്‍ കളിക്കുന്നവരാണ് ബ്രസീലുകാര്‍. ഫ്രീ ഫ്‌ളോ സോക്കറിന്റെ വക്താക്കള്‍. മഞ്ഞപ്പടക്കാരെ കയറൂരി വീട്ടാല്‍ ഭവിഷ്യത്ത് ചെറുതായിരിക്കില്ല. അപ്പോള്‍ ഇംഗ്ലീഷുകാര്‍ പ്രതിരോധത്തില്‍ ജാഗ്രത പാലിക്കേണ്ടി വരും. അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞാല്‍ ഇംഗ്ലീഷുകാര്‍ക്ക് ഇത് വരെ ലഭിച്ച കൈയ്യടി കുറയും. ബ്രിസ്റ്ററിനെ പോലെ അതിവേഗക്കാരുടെ സംഘത്തിന് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിക്കേണ്ടിവരും. ക്വാര്‍ട്ടറില്‍ അമേരിക്കയെ 4-1ന് തകര്‍ത്തു വിട്ട പോരാട്ടത്തില്‍ ആവിഷ്‌ക്കരിച്ച അതേ തന്ത്രം തന്നെ പുറത്തെടുക്കുക മാത്രമാണ് ടീമിന് ഗുണം.
നവി മുംബൈയില്‍ നടക്കുന്ന ആഫ്രിക്ക-യൂറോപ്പ് പോരാട്ടത്തില്‍ ടിക്ക-ടാക്കയുടെ വക്താക്കള്‍ക്കാണ് മുന്‍ത്തൂക്കം. ഇന്ത്യന്‍ കാലാവസ്ഥയെയും സാഹചര്യങ്ങളെയും പഠിക്കുന്നതില്‍ സ്‌പെയിന്‍ വിജയിച്ചതിന് തെളിവാണ് അവരുടെ കൊച്ചി വിജയം. ഏഷ്യന്‍ കരുത്തരായ ഇറാന്‍ ആക്രമണ ഫുട്‌ബോളിന്റെ ശക്തി പുറത്തെടുത്തുവെങ്കിലും സ്വതസിദ്ധമായ ശാന്ത ഗെയിമില്‍ 3-1നാണ് എളുപ്പത്തില്‍ മുഹമ്മദ് മുഖ്‌ലിസിന്റെ സൂപ്പര്‍ സംഘം വിജയിച്ചത്. മാലിക്കാര്‍ വന്യമായി കളിക്കുന്നവരാണ്. ചാമ്പ്യന്‍ പ്രതീക്ഷയുമായി വന്ന ഘാനക്കാരെ മുട്ടുക്കുത്തിച്ച ടീമിനെ ആരും എഴുതിത്തള്ളുന്നില്ല.