X

അയോധ്യയില്‍ രാം മ്യൂസിയം പണിയാന്‍ ബി.ജെ.പി

 

ന്യൂഡല്‍ഹി: അയോധ്യയില്‍ രാം മ്യൂസിയം നിര്‍മ്മിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെയും സാമ്പത്തിക സഹകരണത്തോടെയാണ് 225 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിനായി ഭൂമി കണ്ടെത്തി നല്‍കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമം തുടങ്ങി.
കഴിഞ്ഞ സെപ്തബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതുസംബന്ധിച്ച ആശയം ആദ്യം മുന്നോട്ടു വച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശ്രീരാമന്റെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്നതിനാലാണ് അയോധ്യ പദ്ധതിക്കായി തെരഞ്ഞെടുത്തത്. എന്നാല്‍ അയോധ്യയിലെ തര്‍ക്ക പ്രദേശമായിരിക്കില്ല പദ്ധതിക്ക് തെരഞ്ഞെടുക്കുക.
ഇവിടെനിന്ന് ആറു കിലോമീറ്റര്‍ മാറിയുള്ള സ്ഥലമാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്. പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കാമെന്ന് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള മുന്‍ യു.പി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അന്ന് പദ്ധതി നടപ്പാക്കാന്‍ ബി.ജെ.പി താല്‍പര്യം കാട്ടിയിരുന്നില്ല. യു.പിയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതോടെയാണ് നിര്‍ദേശം വീണ്ടും പൊടിതട്ടിയെടുത്തത്.
സരയൂ നദിയുടെ തീരത്ത് 25 ഏക്കറിലാണ് മ്യൂസിയം പണിയുന്നത്. പരമ്പരാഗത വാസ്തു ശില്‍പ രീതിയില്‍ നിര്‍മ്മിച്ച കൂറ്റന്‍ ക്ഷേത്രമായിരിക്കും സന്ദര്‍ശകരെ ആദ്യം വരവേല്‍ക്കുക. ഇതിനോട് ചേര്‍ന്ന് രാം ദര്‍ബാര്‍ ഒരുക്കും. വിര്‍ച്വല്‍ റിയാലിറ്റി, 3ഡി ഡിസ്‌പ്ലേ എന്നിവ അടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയായിരിക്കും മ്യൂസിയം പണികഴിപ്പിക്കുക.
ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിലവില്‍ ചരിത്ര രേഖകള്‍ ഒന്നും നിലനില്‍ക്കുന്നില്ല. ഇതിഹാസങ്ങളും പുരാണങ്ങളും മാത്രമാണുള്ളത്. ഇവ പൂര്‍ണമായും ചരിത്ര വസ്തുതകള്‍ ആയിക്കൊള്ളണമെന്നില്ല. മിത്തുകളും സങ്കല്‍പ്പങ്ങളുമാണ്. ഇതിനു പകരമായി ശ്രീരാമനെ ചരിത്ര പുരുഷനായി അവതരിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് പദ്ധതിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

chandrika: