X

അമേരിക്കയുടെ ഹൃദയം തകര്‍ക്കുമെന്ന് ഉത്തരകൊറിയ

 
പ്യോങ്യാങ്: കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ നീക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയുടെ ഹൃദയഭാഗത്ത് ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. പരമോന്നത ഭരണാധികാരിക്കെതിരെ നേരിട്ടോ അല്ലാതെയും ഏതെങ്കിലും രാജ്യം നേരിട്ടോ അല്ലാതെയോ നീങ്ങുകയാണെങ്കില്‍ അവരെ നേരിടുന്നതിന് ആണവായുധ പ്രയോഗം ഉള്‍പ്പെടെയുള്ള ഏത് ആക്രമണത്തിനും ഉത്തരകൊറിയ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രാല വക്താവ് പറഞ്ഞു.
ഉന്നിന്റെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിന് നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് സി.ഐ.എ മേധാവി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉത്തരകൊറിയ താക്കീതുമായി വന്നിരിക്കുന്നത്. അതേസമയം അമേരിക്കയെ ഞെട്ടിക്കുന്നതിന് ഉത്തരകൊറിയ ചില രഹസ്യനീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയയില്‍ തകൃതിയായ ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നു.
കൊറിയന്‍ യുദ്ധകാലത്ത് ഒപ്പുവെച്ച കരാറിന്റെ 64-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉത്തരകൊറിയ പുതിയ പരീക്ഷണത്തിന് പദ്ധതിയിട്ടിരിക്കുന്നത്.
നേരത്തെ പരീക്ഷിച്ചതിനെക്കാള്‍ വലിയ മിസൈലാണ് കുസോങിലെ പരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

chandrika: